രാത്രി പട്രോളിംഗിനിടെ പോലീസിനെ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ
1486880
Saturday, December 14, 2024 3:52 AM IST
ചെറുതോണി: രാത്രി പട്രോളിംഗിനിടെ പോലീസിനെ ആക്രമിച്ച യുവാക്കളെ അറസ്റ്റു ചെയ്തു. മുരിക്കാശേരി സ്റ്റേഷൻ പരിധിയിൽ ചെമ്പകപ്പാറയിലാണ് സംഭവം. പതിവ് പട്രോളിംഗിനെത്തിയ മുരിക്കാശേരി സർക്കിൾ ഇൻസ്പെക്ടർ കെ.എം. സന്തോഷ്കുമാറും സംഘവും ചെമ്പകപ്പാറയ്ക്ക് സമീപത്ത് വെയിറ്റിംഗ് ഷെഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാക്കളെ ചോദ്യം ചെയ്യുന്നതിനിടെയാണ് അക്രമണമുണ്ടായത്.
കൊന്നത്തടി പെരിഞ്ചാംകുട്ടി സ്വദേശികളായ പുത്തൻപുരക്കൽ സുമേഷ് (37), സഹോദരൻ സുനീഷ് (31), പള്ളിപ്പറമ്പിൽ ജിജോ (31) എന്നിവരാണ് അറസ്റ്റിലായത്.
ഇവരോട് വിവരങ്ങൾ ചോദിക്കുന്നതിനിടെ തട്ടിക്കയറുകയും പോലീസിനെ ആക്രമിക്കുകയുമായിരുന്നു. സിഐയുടെ യൂണിഫോം വലിച്ചുകീറുകയും മർദിക്കുകയും ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇവരുടെ ആക്രമണത്തിൽ എസ്ഐ മധുസൂദനൻ, എസ്സിപിഒ രതീഷ്, സിപിഒ എൽദോസ് എന്നിവർക്കും പരിക്കേറ്റു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.