വന്യജീവികളുടെ ജീവന് ഭീഷണി: മാലിന്യ സംസ്കരണ പ്ലാന്റിൽ "സുരക്ഷ' വേണമെന്ന്
1486636
Friday, December 13, 2024 3:54 AM IST
മൂന്നാർ: നല്ലതണ്ണി കല്ലാറിലെ പഞ്ചായത്തിന്റെ മാലിന്യസംസ്കരണ കേന്ദ്രത്തിൽ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പ് മൂന്നാർ ഗ്രാമപഞ്ചായത്തിന് കത്ത് നൽകി. സുരക്ഷയ്ക്കായി പ്ലാന്റിന് ചുറ്റും സൗരോർജ വേലി നിർമിക്കുകയും നിരീക്ഷണ കാമറകൾ സ്ഥാപിക്കുകയും ചെയ്യണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. മാലിന്യ സംസ്കരണ പ്ലാന്റിൽ കാട്ടാനകളുടെ സാന്നിധ്യം സ്ഥിരമായതോടെയാണ് വനംവകുപ്പ് പഞ്ചായത്തിന് കത്ത് നൽകിയത്.
കഴിഞ്ഞ ദിവസം രണ്ട് കാട്ടാനകളായിരുന്നു മൂന്നാർ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കല്ലാറിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ എത്തിയത്. പിന്നീട് ആർആർടി സംഘമെത്തി കാട്ടാനകളെ ഇവിടെനിന്നു തുരത്തി.
പച്ചക്കറികളുടെ അവശിഷ്ടങ്ങൾ ഭക്ഷിക്കാനാണ് ആനകളെത്തുന്നത്. മൂന്ന് മാസത്തിനുള്ളിൽ ആറ് ആനകൾ സ്ഥിരമായി പ്ലാന്റിൽ എത്തുന്നുണ്ട്. ഇതിൽ രണ്ടെണ്ണം പ്രദേശത്ത് തന്പടിച്ചിരിക്കുകയാണ്. കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേൽക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.
പ്ലാന്റിൽ കാര്യമായ സുരക്ഷാസംവിധാനങ്ങളില്ലെന്നും വനംവകുപ്പിന്റെ കത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്ലാന്റിൽ വാഹനങ്ങളുടെ അവശിഷ്ടങ്ങൾ, കൂർത്ത ഇരുന്പ് കന്പികൾ, പ്ലാസ്റ്റിക് തുടങ്ങിയവ കൂട്ടിയിട്ടിരിക്കുകയാണ്. ഇത് കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ജീവന് ഭീഷണിയാണ്.
പ്ലാന്റിനുള്ളിൽ അപകട ഭീഷണിയായി ഒരു ട്രാൻസ്ഫോമറും ഉണ്ട്. ഇക്കാരണങ്ങൾ കൊണ്ട് കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യജീവികൾ കേന്ദ്രത്തിനുള്ളിലേക്ക് പ്രവേശിക്കാതിരിക്കാൻ സുരക്ഷാ സംവിധാനമൊരുക്കണമെന്നാണ് വനംവകുപ്പ് ആവശ്യപ്പെടുന്നത്.