ആംബുലൻസ് ജീവനക്കാർ തുണയായി: യുവതിക്ക് സുഖപ്രസവം
1486881
Saturday, December 14, 2024 3:52 AM IST
ഇടുക്കി: ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ യുവതിക്ക് കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ വീട്ടിൽ സുഖപ്രസവം. ബൈസണ്‍വാലി സ്വദേശിനിയായ 26കാരിയാണ് വീട്ടിൽ ആണ്‍കുഞ്ഞിന് ജന്മം നൽകിയത്. വ്യാഴാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം.
യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. ആംബുലൻസ് ഡ്രൈവർ എൻ. നൈസൽ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ റാണി സരിത ഭായി എന്നിവർ സ്ഥലത്തെത്തി.
6.30ന് റാണി സരിത ഭായിയുടെ പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി. പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.