ഉടുമ്പന്‍ചോലയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍
1486869
Saturday, December 14, 2024 3:41 AM IST
നെടുങ്കണ്ടം: കേരള-തമിഴ്നാട് അതിര്‍ത്തി മേഖലകളിലുള്‍പ്പെടെ ഉടുമ്പന്‍ചോല താലൂക്കില്‍ കനത്ത മഴയും കാറ്റും. വ്യാഴാഴ്ച രാത്രി തുടങ്ങിയ മഴ ശമനമില്ലാതെ ഇന്നലെയും തുടര്‍ന്നു. പട്ടംകോളനി മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലും രാമക്കല്‍മേട് ബംഗ്ലാദേശ് കോളനിയിലും വീടുകളിലും കൃഷിസ്ഥലങ്ങളിലും വെള്ളം കയറി. കല്ലാര്‍ പുഴ കരകവിഞ്ഞു.
ഏറ്റവും കൂടുതല്‍ മഴ പെയ്തത് പട്ടംകോളനി മേഖലയിലാണ്. ചെറു അരുവികളും പുഴകളും കരകവിഞ്ഞതോടെ ഗ്രാമീണ റോഡുകളും പാലങ്ങളും വെള്ളത്തിലായി. പല സ്ഥലങ്ങളിലും വാഹന ഗതാഗതം ഉള്‍പ്പെടെ തടസപ്പെട്ടു.
അതിശക്തമായ കാറ്റാണ് മേഖലയില്‍ വീശിയത്. പല സ്ഥലങ്ങളിലും മരങ്ങള്‍ ഒടിഞ്ഞുവീണും ഗതാഗതം തടസപ്പെട്ടു. കമ്പംമെട്ട് പാറക്കടവില്‍ വന്മരം വീണ് വൈദ്യുതി ലൈനുകള്‍ ഉള്‍പ്പെടെയുള്ളവ തകര്‍ന്നു. വിദ്യാര്‍ഥികളുമായി പോയ കമ്പംമെട്ട് മഡോണ എല്‍പി സ്കൂളിന്റെ വാഹനം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസിന്റെ രണ്ട് മീറ്റര്‍ മാത്രം മുമ്പിലായാണ് മരവും വൈദ്യുതി പോസ്റ്റും ഒടിഞ്ഞുവീണത്. ഡ്രൈവര്‍ പെട്ടെന്ന് വാഹനം നിര്‍ത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി.
കമ്പംമെട്ട് -കമ്പം സംസ്ഥാന പാതയില്‍ വന്മരം കടപുഴകി മൂന്നു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. തമിഴ്നാട്ടില്‍നിന്നുള്ള ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. നെടുങ്കണ്ടം മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ കാറ്റ് മൂലം ദേഹണ്ഡങ്ങളും നശിച്ചിട്ടുണ്ട്.
ബോഡിമെട്ടിൽ റോഡിലേക്ക് കൂറ്റൻപാറകൾ വീണു
രാജകുമാരി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കേരള അതിർത്തിയിലെ ബോഡിമെട്ടിനു സമീപം തമിഴ്നാടിന്റെ ഭാഗമായ 11-ാംഹെയർപിൻ വളവിൽ കനത്ത മഴയെത്തുടർന്നു കൂറ്റൻപാറകൾ റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ ആറോടെയാണ് സംഭവം. കനത്തമഴയിൽ കുത്തിയൊലിച്ചെത്തിയ വെള്ളത്തോടൊപ്പം പാറയും നിലംപതിക്കുകയായിരുന്നു. കൂറ്റൻപാറ വീണതോടെ ഈ ഭാഗത്തെ റോഡും തകർന്നു. ഈ സമയം കടന്നുപോയ വാഹനങ്ങൾ അപകടത്തിൽനിന്നു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
അപകടത്തിനു തൊട്ടുപിന്നാലെ തമിഴ്നാട്ടിൽനിന്നു കേരളത്തിലെ തോട്ടങ്ങളിലേക്ക് തൊഴിലാളികളുമായി വന്ന വാഹനവും അപകടത്തിൽനിന്നു കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നീട് പാറനീക്കി ചെറുവാഹനങ്ങൾക്ക് കടന്നുപോകാനുള്ള സൗകര്യം ഒരുക്കി. തമിഴ്നാട്ടിൽനിന്നു പോലീസ്, പൊതുമരാമത്ത് അധികൃതർ സ്ഥലത്തെത്തി ഗതാഗതം പൂർണതോതിൽ പുനഃസ്ഥാപിച്ചു. പ്രദേശത്ത് അപകടാവസ്ഥയിൽ നിരവധിപാറകൾ സ്ഥിതി ചെയ്യുന്നുണ്ട്.
ആനയിറങ്കൽ അണക്കെട്ട് നിറഞ്ഞൊഴുകി
രാജാക്കാട്: ആനയിറങ്കൽ അണക്കെട്ട് നിറഞ്ഞ് വെള്ളം സ്പിൽവേയിലൂടെ കവിഞ്ഞൊഴുകി. ജലനിരപ്പ് 1207.02 മീറ്റർ പിന്നിട്ടതോടെ ആണ് ഇന്നലെ ഉച്ചയോടെ അണക്കെട്ടിന്റെ മൂന്നു സ്പിൽവേകളും നിറഞ്ഞ് വെള്ളം പന്നിയാറിലേക്കൊഴുകാൻ തുടങ്ങിയത്.സംസ്ഥാനത്തെ മറ്റ് അണക്കെട്ടുകളിൽനിന്ന് വ്യത്യസ്തമായി വേനൽക്കാലത്ത് മാത്രമാണ് ആനയിറങ്കൽ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാറുള്ളത്.
ഒക്ടോബറിൽ തുലാമഴ ശക്തമാകുന്നതോടെ ജലസമൃദ്ധമാകുന്ന അണക്കെട്ടിൽനിന്നു ഡിസംബറോടെ വെള്ളം കവിഞ്ഞൊഴുകാൻ തുടങ്ങും. രണ്ടു ദിവസങ്ങളായി വൃഷ്ടിപ്രദേശത്ത് കനത്ത മഴ ലഭിച്ചതോടെയാണ് അണക്കെട്ട് നിറഞ്ഞത്.
വിനോദസഞ്ചാരികളുടെ വാഹനത്തിലേക്ക് മരം വീണു
നെടുങ്കണ്ടം: ഉടുമ്പൻചോലയിൽ വിനോദസഞ്ചാരികളുടെ വാഹനത്തിന് മുകളിലേക്ക് ഉണക്കമരം കടപുഴകി വീണു.മൈലാടുംപാറ പൊത്തക്കളിയിലാണ് ഇന്നലെ അഞ്ചുമണിയോടെ അപകടം ഉണ്ടായത്. മലപ്പുറത്തുനിന്നും എത്തിയ വിദ്യാർഥികളുടെ സംഘം സഞ്ചരിച്ച ബസിനു മുകളിലേക്കാണ് ഉണക്കമരം വീണത്. ആർക്കും പരിക്കില്ല. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.