"സന്മനസുള്ളവര്ക്ക് സമാധാനം' നാളെ പാറത്തോട്ടില്‍
1487174
Sunday, December 15, 2024 4:00 AM IST
പാറത്തോട്: കാഞ്ഞിരപ്പള്ളി രൂപത സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റും മലനാട് ഡെവലപ്മെന്റ് സൊസൈറ്റിയും ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്ഷികജില്ലയും ചേര്‍ന്ന് 2025ല്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന വിവിധ സാമൂഹ്യ ക്ഷേമ, ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം "സന്മനസുള്ളവര്ക്ക് സമാധാനം' നാളെ ഉച്ചകഴിഞ്ഞ് 2.30ന് പൊടിമറ്റം സെന്റ് മേരീസ് പാരിഷ്ഹാളില്‍ നടക്കും.
കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്‍ഫാം ദേശീയ ചെയര്‍മാനും മലനാട് ഡെവലപ്മെന്റ് സൊസൈറ്റി ഡയറക്ടറുമായ ഫാ. തോമസ് മറ്റമുണ്ടയില്‍ ആമുഖപ്രഭാഷണം നടത്തും.
മലനാട് പ്രകൃതി പരിപാലന പദ്ധതികളുടെ സമാരംഭം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ റവ. ഡോ. ജോസഫ് വെള്ളമറ്റവും മലനാട് എഡ്യൂക്കെയര്‍ പദ്ധതികളുടെ സമാരംഭം ചീഫ് വിപ്പ് ഡോ. എന്‍. ജയരാജും മലനാട് ഓക്സിബ്രീത്ത് പദ്ധതിയുടെ സമാരംഭം മാണി സി. കാപ്പന് എംഎല്‍എയും
സാന്ത്വനം - കരുതല്‍ പദ്ധതികളുടെ സമാരംഭം വികാരി ജനറാള്‍ റവ. ഡോ. കുര്യന് താമരശേരിയും സഫലം പദ്ധതിയുടെ സമാരംഭം വാഴൂര്‍ സോമന് എംഎല്‍എയും ഹൃദയപൂര്‍വം പദ്ധതിയുടെ സമാരംഭം വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കലും മലനാട് ഫാര്‍മര്‍ കെയര്‍ പദ്ധതികളുടെ സമാരംഭം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എയും മലനാട് ആശ്വാസ് കാന്‍സര്‍ കെയര്‍ പദ്ധതിയുടെ സമാരംഭം കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കലും നിര്‍വഹിക്കും.
ആശാനിലയം സ്കൂള്‍ ഡയറക്ടര്‍ ഫാ. റോയി വടക്കേല്‍, പെനുവേല്‍ ഇമ്മാനുവേല്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പെരുനിലം, ബേത്ലഹേം ആശ്രമം ഡയറക്ടര്‍ ഫാ. ജിന്‍സ് വാതല്ലൂക്കുന്നേല്‍ എന്നിവരെ മാര്‍ ജോസ് പുളിക്കല്‍ ആദരിക്കും. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്ഷകജില്ല പ്രസിഡന്റ് അഡ്വ. ഏബ്രഹാം മാത്യു പന്തിരുവേലില്‍ സ്വാഗതവും മലനാട് - ഇന്‍ഫാം ജോയിന്റ് ഡറക്ടര്‍ ഫാ. ആല്‍ബില്‍ പുല്‍ത്തകിടിയേല്‍ നന്ദിയും പറയും.
2025ലെ "സന്മനസുള്ളവര്ക്ക് സമാധാനം' പദ്ധതിയിലൂടെ എട്ടു കോടി രൂപയുടെ സാമൂഹ്യ ക്ഷേമ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് മലനാടും ഇന്‍ഫാമും ചേര്‍ന്ന് നടപ്പിലാക്കുന്നത്.