വനനിയമ ഭേദഗതിബിൽ റദ്ദാക്കണം: കേരള കോണ്-എം
1486872
Saturday, December 14, 2024 3:41 AM IST
തൊടുപുഴ: ജനദ്രോഹപരമായ കരട് വനനിയമ ഭേദഗതി ബിൽ റദ്ദ് ചെയ്യണമെന്ന് കേരളാ കോണ്ഗ്രസ് - എം നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ആവശ്യപ്പെട്ടു. 1961ൽ പ്രാബല്യത്തിൽ വന്നതും ഭേദഗതികൾ വന്നതുമായ കേരള ഫോറസ്റ്റ് ആക്ട് വീണ്ടും പരിഷ്കരിക്കുന്നതിനുള്ള കരട് വിജ്ഞാപനം കർഷകവിരുദ്ധവും മൗലിക അവകാശങ്ങളുടെ ലംഘനവുമാണ്.
വനനിയമം ജനദ്രോഹപരമെന്ന പരാതികൾ നിരന്തരം ഉയർന്നുകൊണ്ടിരിക്കെേ നിലവിലുള്ള നിയമം ലഘൂകരിക്കണമെന്ന് ആവശ്യങ്ങൾ ഉയരുന്ന അവസരത്തിൽ ആശങ്കാജനകമായ മാറ്റങ്ങളാണ് പുതിയ ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പിഴത്തുകയുടെ വൻ വർധന, ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് നൽകിയിരിക്കുന്ന പരിധിവിട്ട അധികാരങ്ങൾ, മത്സ്യബന്ധനം, പാഴ്വസ്തുക്കൾ വനപ്രദേശത്തോ വനത്തിലേക്ക് ഒഴുകിയെത്തുന്ന പുഴയിലോ എത്തിപ്പെടുന്നത് ശിക്ഷാർഹം തുടങ്ങിയ പരിഷ്കരണങ്ങൾ വനാതിർത്തികളിൽ ജീവിക്കുന്ന സാധാരണക്കാർക്ക് വലിയ വെല്ലുവിളിയുയർത്തുന്നവയാണ്.
വന്യജീവിശല്യം നാൾക്കുനാൾ വർധിച്ചുവരുന്ന കാലഘട്ടത്തിൽ ഇവയെ വനത്തിന്റെ പരിധിയിൽ നിലനിർത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിർബന്ധിതരാകുന്ന വകുപ്പുകളാണ് വനനിയമത്തിൽ ഉൾപ്പെടുത്തേണ്ടിയിരുന്നത്. തങ്ങളുടെ പരിധിയിലുള്ള വനത്തിൽനിന്ന് വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്ക് പ്രവേശിക്കുന്ന പക്ഷം ഉദ്യോഗസ്ഥരുടെ വീഴ്ചയായി പരിഗണിക്കപ്പെടണം.
ഇതിനു പുറമേ പ്രദേശത്തിന്റെ അത്യാവശ്യ വികസനം പോലും തടസപ്പെടുത്തുന്ന പുതിയ നിയമ നിർദേശത്തിൽ മാറ്റം വരുത്താനും സർക്കാർ തയാറാകണമെന്ന് ജിമ്മി മറ്റത്തിപ്പാറ ആവശ്യപ്പെട്ടു.