വനംവകുപ്പിനെ അഴിഞ്ഞാടാൻ അനുവദിക്കരുത്: കത്തോലിക്ക കോൺഗ്രസ്
1486871
Saturday, December 14, 2024 3:41 AM IST
ചെറുതോണി: വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അമിത അധികാരങ്ങൾ നൽകി അഴിഞ്ഞാടാൻ അനുവദിക്കുന്ന കേരള ഫോറസ്റ്റ് ആക്ട് 1961ന്റെ ഭേദഗതി പിൻവലിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത ആവശ്യപ്പെട്ടു. ഭേദഗതി നിർദേശങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ മുന്നറിയിപ്പു നൽകി.
ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾക്കും കർഷകവേട്ടയ്ക്കും ഉദ്യോഗസ്ഥ അഴിഞ്ഞാട്ടത്തിനും ഇടവരുത്തുന്ന ഇത്തരം അമിതാധികാരങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകുന്നത് ജനാധിപത്യ ഭരണക്രമത്തിന് ഭൂഷണമല്ല. ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഭേദഗതികൾ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതല്ല.
സാധാരണക്കാരെയും ജനപ്രതിനിധികളെ പോലും ആക്രമിക്കുകയും നിസഹായരായ വനവാസികൾക്കെതിരേ കള്ളക്കേസുകൾ എടുക്കുകയും റോഡ് വികസനത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനുമെതിരേ നിൽക്കുകയും ചെയ്തിട്ടുള്ള ചരിത്രമാണ് വനം വകുപ്പുദ്യോഗസ്ഥർക്കുള്ളത്.
അന്യായമായി കൃഷി വെട്ടി നശിപ്പിക്കുകയും കർഷകർക്കെതിരേ കള്ളക്കേസെടുക്കുകയും ചെയ്തിട്ടുള്ള നിരവധി സംഭവങ്ങൾ കർഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. വന്യജീവികൾ വനാതിർത്തിക്കു പുറത്തു നടത്തുന്ന നാശനഷ്ടങ്ങൾക്ക് വനംവകുപ്പുദ്യോഗസ്ഥരെ ഉത്തരവാദികളാക്കിക്കൊണ്ടും വന്യജീവികളെ വനാതിർത്തിക്കുള്ളിൽതന്നെ നിലനിർത്താനുള്ള ഉത്തരവാദിത്വം വനംവകുപ്പ് ഉദ്യോഗസ്ഥരിൽ നിക്ഷിപ്തമാക്കിക്കൊണ്ടുമുള്ള ഭേദഗതിയാണ് ഉണ്ടാകേണ്ടത്.
ഈ ഉത്തരവാദിത്വത്തിൽനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ രക്ഷിക്കുന്നതിനും പകരം കർഷകരെ ബോധപൂർവം ഉപദ്രവിക്കുന്നതിനുമുളള കെണികളാണ് കരട് വിജ്ഞാപനത്തിൽ ഒളിപ്പിച്ചിരിക്കുന്നത്.
ഭേദഗതി നിർദേശങ്ങളിലെ സെക്ഷൻ 27, 47, 52, 61, 63 എന്നിവയിലൂട വനത്തിനുള്ളിൽ മാത്രമല്ല വനത്തിനു പുറത്തും വിവിധ കുറ്റങ്ങൾ ആരോപിച്ച് കേസെടുക്കുന്നതിനും വാറണ്ട് കൂടാതെ അറസ്റ്റ് ചെയ്യുന്നതിനും രഹസ്യതടങ്കലിൽ വയ്ക്കുന്നതിനും വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അനുവാദം നൽകുന്നുണ്ട്.
ജനങ്ങളുടെ വ്യാപകമായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് സർക്കാർ അടിയന്തരമായി കരടു വിജ്ഞാപനം പിൻവലിച്ച് ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത സമിതി ആവശ്യപ്പെട്ടു.
കരിമ്പൻ രൂപത കാര്യാലയത്തിൽ ചേർന്ന യോഗത്തിൽ കത്തോലിക്ക കോൺഗ്രസ് രൂപത ഡയറക്ടർ ഫാ. ജോസഫ് പാലക്കുടിയിൽ, രൂപത ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, ട്രഷറർ ജോസഫ് ചാണ്ടി തേവർപറമ്പിൽ ഗ്ലോബൽ സെക്രട്ടറി ജോർജുകുട്ടി പുന്നക്കുഴിയിൽ, വൈസ് പ്രസിഡന്റ് ജോസ് തോമസ് ഒഴുകയിൽ,
ജോളി ജോൺ, അഗസ്റ്റിൻ പരത്തിനാൽ, ടോമി കണ്ടത്തിൽ, ഷാജി കുന്നുംപുറം, സാന്റോച്ചൻ തളിപ്പറമ്പിൽ, ബേബി കൊടകല്ലിൽ, കെ.യു. ബിനോയി, സെസിൽ ജോസ്, ജയ്സൺ തോമസ്, ആഗ്നസ് ബേബി, റിൻസി സിബി, മിനി ഷാജി, ടോമി ഇളംതുരുത്തിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.