ആരോഗ്യവകുപ്പ് യോഗം പ്രഹസനമായതായി പരാതി
1486876
Saturday, December 14, 2024 3:41 AM IST
തൊടുപുഴ: ആരോഗ്യ വകുപ്പ് ജീവനക്കാരുടെ തൊടുപുഴ നിയോജക മണ്ഡലതല അവലോകനയോഗം പ്രഹസനമായെന്ന് പരാതി. മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്താതെയാണ് യോഗം സംഘടിപ്പിച്ചതെന്നാണ് ആരോപണം.
പൊതു ജനാരോഗ്യം, സിവിൽ ജോലികൾ, മാനവവിഭവ ശേഷി എന്നിവ സംബന്ധിച്ചാണ് യോഗത്തിൽ അവലോകനം നടത്തേണ്ടത്. സംസ്ഥാനത്ത് എല്ലായിടങ്ങളിലും നിയോജക മണ്ഡല അടിസ്ഥാനത്തിൽ ഇത്തരം യോഗം നടത്താനാണ് നിർദേശം. മൂന്ന് മാസത്തിലൊരിക്കൽ യോഗം നടത്തണം. ഇതിന്റെ അടിസ്ഥാനത്തിലാണ് തൊടുപുഴ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ കഴിഞ്ഞ 11ന് യോഗം വിളിച്ചത്.
പിഎച്ച്സി മുതൽ ജില്ലാ ആശുപത്രിവരെയുള്ള ജീവനക്കാരാണ് യോഗത്തിൽ പങ്കെടുക്കേണ്ടത്. മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്പെക്ടർ, ക്ലർക്ക് എന്നിവരെയാണ് യോഗത്തിലേക്ക് വിളിച്ചത്. എന്നാൽ ജീവനക്കാർക്ക് ഇരിക്കാൻ പോലും സൗകര്യം ഇല്ലാത്തതിനെത്തുടർന്ന് യോഗത്തിനെത്തിയവർക്ക് റസ്റ്റ് ഹൗസിന്റെ പുറത്ത് നിൽക്കേണ്ടി വന്നു.
യോഗത്തിൽ പങ്കെടുക്കാനെത്തിയ എംഎൽഎ ചെറിയ ഒരു മുറി യിലാണ് ഡോക്ടർമാരുമായി സംസാരിച്ചത്. തൊടുപുഴ മണ്ഡലത്തിലെ ആരോഗ്യപ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ട വേദിയാണ് പ്രയോജനപ്പെടാതെ പോയതെന്നാണ് ആക്ഷേപം. എന്നാൽ ജില്ലയിലെ മറ്റു നിയോജക മണ്ഡലങ്ങളിൽ വിപുലമായ ഒരുക്കങ്ങൾ നടത്തിയാണ് യോഗം സംഘടിപ്പിച്ചത്.