ജലസേചനത്തിനും ടൂറിസത്തിനും 28 കോടി: മന്ത്രി റോഷി
1486623
Friday, December 13, 2024 3:44 AM IST
ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തിലെ പഴയരിക്കണ്ടം കുത്തുഭാഗത്ത് വിസിബി കം ബ്രിഡ്ജ്, വിസിബികളുടെ നിർമാണം, ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി തുടങ്ങിയവ നടപ്പാക്കുന്നതിനായി 28 കോടി അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. നബാർഡ് പദ്ധതി പ്രകാരമാണ് പണം അനുവദിച്ചിരിക്കുന്നത്.
കാർഷിക മേഖലയായ ഇവിടെ ഏലം, കൊക്കോ, കുരുമുളക്, ജാതി തുടങ്ങിയവയോടൊപ്പം തന്നാണ്ട് വിളകൾ, പച്ചക്കറി ഉത്പാദനം എന്നിവ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
600 ഹെക്ടറോളം സ്ഥലത്ത് ജലം പന്പ് ചെയ്തു ജലസേചനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. മൈലപ്പുഴ ഭാഗത്ത് വിസിബി നിർമിച്ച് മലയണ്ണാമലയിൽ നിർമിക്കുന്ന ടാങ്കിൽ വെള്ളം എത്തിക്കുന്നതിലൂടെ സമീപ പ്രദേശങ്ങളിലെ ജലസേചനം സുഗമമാകും.
ഇതോടൊപ്പം മൈലപ്പുഴയുടെ മുകൾ ഭാഗത്തും ടാങ്ക് നിർമിക്കുന്നതിന് വിഭാവനം ചെയ്യുന്നു. മൈലപ്പുഴ പഴയരിക്കണ്ടം തോടിൽ എട്ടോളം ചെക്ക്ഡാമുകൾ നിർമിച്ച് ഒഴുക്ക് തടഞ്ഞുനിർത്തി ജലസേചന ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകും.
ചേലച്ചുവട്-വണ്ണപ്പുറം റോഡിൽനിന്ന് 150 മീറ്റർ മാത്രം അകലെ കടന്നുപോകുന്ന മൈലപ്പുഴ-പഴയരിക്കണ്ടം തോടിൽ ചെക്ക് ഡാമുകൾ നിർമിക്കുന്നതിലൂടെ ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്താനാകും.
കുട്ടവഞ്ചി, കയാക്കിംഗ് ഉൾപ്പെടെയുള്ള ടൂറിസം സാധ്യതയുമുണ്ട്. സഞ്ചാരികളെത്തുന്ന പഴയരിക്കണ്ടം വെള്ളച്ചാട്ടത്തിൽ വിനോദസഞ്ചാരം സുഗമമാക്കുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.