പീരുമേട് : പ്രതീക്ഷകൾ അസ്തമിച്ചു; ടീ കമ്പനി പൊളിക്കുന്നു
1486626
Friday, December 13, 2024 3:44 AM IST
ഉപ്പുതറ: 2000 ഡിസംബർ 13ന് അടച്ചുപൂട്ടിയ പീരുമേട് ടീ കമ്പനി ഉടമ ഉപേക്ഷിച്ചിട്ട് ഇന്ന് 24 വർഷം പൂർത്തിയായി. 24 വർഷം പൂർത്തിയാകുമ്പോൾ തൊഴിലാളികളുടെ കൺമുന്നിൽ ഫാക്ടറികൾ പൊളിക്കുകയാണ്. തോട്ടം പ്രതിസന്ധിയെത്തുടർന്ന് ആദ്യം പൂട്ടിയ തേയിലത്തോട്ടമാണ് പീരുമേട് ടീ കമ്പനി.
തോട്ടം തുറന്ന് പഴയ പ്രതാപം കാത്തിരുന്ന തൊഴിലാളികൾ അവരുടെ ജീവനും ജീവിതവുമായിരുന്ന ഫാക്ടറികൾ പൊളിക്കുന്നതാണ് കാണുന്നത്. ലോൺട്രി, ചീന്തലാർ ഫാക്ടറികളാണ് കോടതി ഉത്തരവ് വാങ്ങി പൊളിക്കാൻ തുടങ്ങിയിരിക്കുന്നത്.
ലോൺട്രി, ചീന്തലാർ തോട്ടങ്ങളിൽ പണിയെടുത്തിരുന്ന ആയിരക്കണക്കിനു തൊഴിലാളികളുടെ പ്രതീക്ഷകളാണ് ഇതോടെ അസ്തമിക്കുന്നത്. പൂട്ടിയ തോട്ടങ്ങൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ പല തലത്തിൽ പല തവണ ചർച്ചകൾ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല.
തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ വിതരണം ചെയ്തശേഷം തോട്ടങ്ങൾ തുറന്നാൽമതിയെന്ന നിലപാടാണ് ട്രേഡ് യൂണിയനുകൾ കൈക്കൊണ്ടത്.എന്നാൽ, അത് അംഗീകരിക്കാൻ മാനേജ്മെന്റ്് തയാറായില്ല.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2014ൽ പാട്ട വ്യവസ്ഥയിൽ തോട്ടം തുറന്നെങ്കിലും അധികം ആയുസുണ്ടായില്ല. തൊഴിലാളികൾക്കു കൂലിയും മറ്റ് ആനുകൂല്യങ്ങളും നൽകാനാവാതെ വന്നതോടെ ഒന്നര വർഷത്തിനുശേഷം പാട്ടക്കാരനും തോട്ടം ഉപേക്ഷിച്ചു. ഇതിനുശേഷവും പല തവണ ചർച്ചകൾ നടന്നു. തോട്ടം തുറക്കാൻ ഈ ചർച്ചകൾക്കുമായില്ല.
2018ൽ നടന്ന ചർച്ചയിൽ തോട്ടം തുറക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. കഴിഞ്ഞ ജൂണിൽ പീരുമേട് ടീ കമ്പനിയുടെ ലോൺട്രി, ചീന്തലാർ ഫാക്ടറികൾ പൊളിച്ചുവിൽക്കാൻ ഉടമ കരാർ ഉറപ്പിച്ചെങ്കിലും ട്രേഡ് യൂണിയനുകൾ പ്രതിഷേധവുമായി രംഗത്തുവന്നതോടെ ഉടമ കോടതിയെ സമീപിക്കുകയായിരുന്നു.
തുടർന്നാണ് തോട്ടം ഉടമയ്ക്ക് അനുകൂലമായ കോടതി വിധി ഉണ്ടായത്. ഇതേതുടർന്നാണ് ഫാക്ടറിക്കു ചുറ്റുമുള്ള കാട് വെട്ടിത്തെളിച്ച് ഫാക്ടറി പൊളിച്ചുനീക്കാൻ തിരുവനന്തപുരം കേന്ദ്രമായ കമ്പനി നടപടി ആരംഭിച്ചിരിക്കുന്നത്.
ഉടമ കമ്പനി ഉപേക്ഷിക്കുമ്പോൾ 1,300 സ്ഥിരം തൊഴിലാളികളും അത്രയും താൽക്കാലിക തൊഴിലാളികളുമാണ് തോട്ടത്തിൽ ഉണ്ടായിരുന്നത്. ആ സമയത്ത് മൂന്നു വർഷത്തെ ബോണസ്, എട്ടു മാസത്തെ ശമ്പള കുടിശിക ഉൾപ്പെടെ തൊഴിലാളികൾക്കു ലഭിക്കാൻ ഉണ്ടായിരുന്നു.
ആനുകൂല്യത്തിനായി സമരം ചെയ്തപ്പോൾ ഉടമ തോട്ടം ഉപേക്ഷിക്കുകയായിരുന്നു. അന്നുണ്ടായിരുന്ന തൊഴിലാളികളിൽ ഭൂരിഭാഗത്തിനും ഇപ്പോൾ പെൻഷൻപ്രായം കഴിയുകയും പലരും മരിക്കുകയും ചെയ്തു.
നിലവിൽ ഉള്ള തൊഴിലാളികൾ ദുരിതത്തിലുമാണ്. തോട്ടത്തിൽനിന്നു കൊളുന്തെടുത്തു കിട്ടുന്ന തുകയും സ്വകാര്യ ഏലത്തോട്ടങ്ങളിൽ പണിയെടുത്ത് ലഭിക്കുന്ന തുകയും കൊണ്ടാണ് പട്ടിണിയകറ്റുന്നത്.
നാഥനില്ലാതെ കിടന്ന ഫാക്ടറിയിൽ ലക്ഷക്കണക്കിനു രൂപയുടെ ഉപകരണങ്ങളാണുണ്ടായിരുന്നത്. യാതൊരു സംരക്ഷണവും ഇല്ലാതെ കിടന്ന ഫാക്ടറികളിലെ യന്ത്രങ്ങളിൽ ഒട്ടേറെ ഉപകരണങ്ങൾ മോഷണം പോയി. അവശേഷിക്കുന്നവ തുരുമ്പ് പിടിച്ചു നശിച്ചു.
ബംഗ്ലാവ്, ഓഫീസ്, ക്വാർട്ടേഴ്സ്, ഗ്രൂപ്പ് ഹോസ്പിറ്റൽ തുടങ്ങിയവ ഉൾപ്പെടെയുള്ള എല്ലാ കെട്ടിടങ്ങളിൽനിന്നു എടുക്കാവുന്ന വസ്തുക്കളെല്ലാം മോഷ്ടാക്കൾ കടത്തി. അറ്റകുറ്റപ്പണി ചെയ്തിട്ട് വർഷങ്ങളായതിനെത്തുടർന്ന് പൊട്ടിപ്പൊളിഞ്ഞ ലയങ്ങളിലാണ് തൊഴിലാളികൾ ഇപ്പോഴും കഴിയുന്നത്.
ഇടിഞ്ഞുവീഴാറായ ലയങ്ങളിൽ യാതൊരു സുരക്ഷിതത്വവു മില്ലാതെയാണ് തൊഴിലാളികളുടെ ജീവിതം. തോട്ടം ഇനി തുറക്കില്ലെന്ന് ഉറപ്പായതോടെ തൊഴിലാളികളുടെ അവസാന പ്രതീക്ഷയും അടഞ്ഞു.