ക്ഷീരകർഷക കാന്പയിൻ നടത്തി
1487170
Sunday, December 15, 2024 4:00 AM IST
തൊടുപുഴ: ക്ഷീരവികസന വകുപ്പ് ജില്ലാ പാൽഗുണ നിയന്ത്രണ വിഭാഗത്തിന്റെയും കോലാനി ക്ഷീര സംഘത്തിന്റെയും ആഭിമുഖ്യത്തിൽ പശുക്കൾക്കിടയിൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഇതോടൊപ്പം ക്ഷീരവികസന വകുപ്പും ക്ഷീരകർഷക ക്ഷേമനിധി ബോർഡും ചേർന്ന് നടപ്പാക്കുന്ന ക്ഷീരസാന്ത്വനം ഇൻഷ്വറൻസ് കാന്പയിനും നടന്നു.
നഗരസഭാ കൗണ്‍സിലർ കവിത വേണു ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.ജെ. മാത്യു കാലാപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. കർഷകർക്ക് പാൽവിലയ്ക്ക് പുറമേ ഏഴ് രൂപ ഇൻസന്റീവ് നൽകുന്നതിന്റെ ഉദ്ഘാടനം മിൽമ എറണാകുളം മേഖലാ യൂണിയൻ പി ആൻഡ് എൽ ഹെഡ് ജി. ശ്രീവിദ്യ നിർവഹിച്ചു.
ഇൻഷ്വറൻസ് പദ്ധതിയുടെ ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് ജില്ലാ ക്വാളിറ്റി കണ്ട്രോൾ ഓഫീസർ അഞ്ജു കുര്യനും വിവിധ പദ്ധതികളുടെ ധനസഹായ വിതരണം ക്ഷീരവികസന ഓഫീസർ സി.എ. ജാസ്മിനും നിർവഹിച്ചു. ടി.ജി. സുകുമാരൻ, ബിപിൻരാജ്, ഡോ. നിഷാന്ത് എം. പ്രഭ, ആഗിമോൾ ആന്റണി, നെൽസണ്‍ കെ. തോമസ് എന്നിവർ പ്രസംഗിച്ചു.