ലോവർക്യാന്പിൽ മണ്ണിടിഞ്ഞും മരം വീണും ഗതാഗത തടസം
1486870
Saturday, December 14, 2024 3:41 AM IST
കുമളി: കുമളി മേഖലയിൽ മഴയെത്തുടർന്ന് ദേശീയപാതയിൽ മണ്ണിടിഞ്ഞും മരം വീണും ഗതാഗതം തടസപ്പെട്ടു.
വ്യാഴ്ച്ച രാത്രി മുതൽ തോരാതെ പെയ്യുന്ന മഴയിൽ കൊട്ടാരക്കര - ദിണ്ടിക്കൽ ദേശീയ പാതയിൽ കുമളിക്കും തമിഴ്നാട്ടിലെ ലോവർക്യാന്പിനുമിടയിലാണ് മണ്ണിടിഞ്ഞു വീണും വൻമരം കടപുഴകി റോഡിലേയ്ക്ക് വീണും മണിക്കൂറുകളോളം ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടത്.
ശബരിമല തീർഥാടകരുടേതുൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ റോഡിൽ കുടുങ്ങി. കുമളി - കന്പം റോഡിൽ ഗതാഗതം തടസപ്പെട്ടതോടെ ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കുറച്ചു സമയം കന്പം - കന്പംമെട്ട് റോഡ് വഴിതിരിച്ചു വിട്ടു.
കന്പത്തുനിന്നു ഫയർഫോഴ്സും വനപാലകരും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും എത്തിയാണ് തടസങ്ങൾ നീക്കിയത്. മഴ തുടരുന്നതിനാൽ കുമളി-കന്പം റോഡിലൂടെയുള്ള യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.