"വനനിയമ ഭേദഗതി കർഷകർക്ക് നേരേയുള്ള കടന്നാക്രമണം’
1486873
Saturday, December 14, 2024 3:41 AM IST
കരിന്പൻ: കേരള ഫോറസ്റ്റ് ആക്ട് 1961 ലെ ഭേദഗതി ബിൽ അത്യന്തം ജനദ്രോഹപരവും അംഗീകരിക്കാനാവാത്തതുമാണെന്ന് ഇടുക്കി രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട്. വനപാലകർക്ക് വനത്തിന് പുറത്തും ജനത്തിനുമേൽ അധികാരം നൽകുന്ന നിയമഭേദഗതി വലിയ ക്രമസമാധാന പ്രശ്നങ്ങൾക്കു കാരണമാകും.
ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾക്കും കർഷകവേട്ടയ്ക്കും ഇടവരുത്തുന്ന അമിതാധികാരങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകുന്നത് ജനാധിപത്യ ഭരണക്രമത്തിന് ഭൂഷണമല്ല. വന്യജീവികളെ വനാതിർത്തിക്കുള്ളിൽ തന്നെ നിലനിർത്താനുള്ള ഉത്തരവാദിത്വം വനം വകുപ്പു ഉദ്യോഗസ്ഥരിൽ നിർബന്ധിതമാക്കുന്ന ഭേദഗതിയാണ് ഉണ്ടാകേണ്ടത്.
ജനങ്ങളുടെ സാധാരണ ജീവിതത്തിന് തുരങ്കം വയ്ക്കുകയും സ്വാഭാവിക നീതി നിഷേധിക്കുകയും ചെയ്യുന്ന നിയമ ഭേദഗതി പിൻവലിച്ച് കാലാനുസൃതവും മനുഷ്യന് ഗുണകരവുമായ ഭേദഗതി കൊണ്ടുവരാനുള്ള ഇച്ഛാശക്തി വനം വകുപ്പ് കാണിക്കണമെന്നും രൂപതാ മീഡിയാ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട് ആവശ്യപ്പെട്ടു.