വനംമന്ത്രി രാജിവയ്ക്കണം: കത്തോലിക്ക കോണ്ഗ്രസ്
1487173
Sunday, December 15, 2024 4:00 AM IST
കോതമംഗലം: വനം വകുപ്പിലെ ചിലരുടെയും കപട പരിസ്ഥിതി വാദികളുടെയും ചൊൽപ്പടിക്ക് തുള്ളുന്ന വനം മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവയ്ക്കണമെന്ന് കത്തോലിക്ക കോണ്ഗ്രസ് കോതമംഗലം രൂപത കമ്മിറ്റി ആവശ്യപ്പെട്ടു.
ജനങ്ങളെ കൂടുതൽ പരിഭ്രാന്തരും നിസഹായരുമാക്കുന്ന ക്രൂരതയ്ക്ക് മന്ത്രിപദവിയിലുള്ളയാൾ കൂട്ടുനിൽക്കുന്നത് സങ്കടകരമാണ്. നിയമ ഭേദഗതി നിർദേശങ്ങൾ യാതൊരു ആലോചനയും കൂടാതെ ഗസറ്റിൽ പ്രസിദ്ധീകരിച്ചത് ദുരുദ്ദേശ്യപരമാണ്.
ജനദ്രോഹപരമായ നടപടികളും സമീപനങ്ങളും വനംവകുപ്പിന്റെ ഭാഗത്തുനിന്നു തുടർച്ചയായി ഉണ്ടാകുന്നത് യാദൃച്ഛികമല്ല. ജനങ്ങളോട് പ്രതിബദ്ധതയില്ലാത്തവരെ ചുമതലകളിൽനിന്നു നീക്കാൻ ബന്ധപ്പെട്ടവർ തയാറാകണം.
കേരള വനനിയമ ഭേദഗതി നിർദേശത്തിലൂടെ സംസ്ഥാനത്ത് വനംവകുപ്പിന്റെ ഗുണ്ടാരാജ് നടപ്പാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കില്ലെന്ന് കത്തോലിക്ക കോണ്ഗ്രസ് കോതമംഗലം രൂപത കമ്മിറ്റി മുന്നറിയിപ്പ് നൽകി.
വനംവകുപ്പധികൃതരുടെ കാടൻ സമീപനംമൂലം ഇപ്പോൾ തന്നെ പൊറുതിമുട്ടിയ കർഷകരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടാനേ പുതിയ നിർദേശം ഇടയാക്കൂ. പോലീസിന്റെ അധികാരം കൈയടക്കാനുള്ള വനംവകുപ്പിന്റെ ഗൂഢനീക്കം ക്രമസമാധാന പ്രശ്നത്തിനും കാരണമാകും. വനംവകുപ്പിന് അനാവശ്യമായ അധികാരങ്ങൾ നൽകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ജീവനും സ്വത്തിനും യാതൊരു പരിഗണനയും നൽകാത്ത ഈ നിയമം ഏകപക്ഷീയവും ജനാധിപത്യവിരുദ്ധവുമാണ്. ഇന്ത്യൻ ഭരണഘടന പൗരന് ഉറപ്പുനൽകുന്ന മൗലിക അവകാശങ്ങളുടെ നഗ്നമായ ലംഘനമാണിത്.
ജനങ്ങളെ സംരക്ഷിക്കാൻ ബാധ്യതയുള്ള ഭരണ-പ്രതിപക്ഷ ജനപ്രതിനിധികളുടെയും രാഷ്ട്രീയപാർട്ടികളുടെയും നിസംഗത അപലപനീയമാണ്. ഉദ്യോഗസ്ഥരും കപട പരിസ്ഥിതിവാദികളും മുന്നോട്ടുവയ്ക്കുന്ന കരിനിയമങ്ങൾ ഗൗരവത്തോടെ പഠിക്കാനും എതിർക്കാനും രാഷ്ട്രീയ നേതാക്കൾ തയാറാകാത്തത് ഖേദകരമാണ്. രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും സർക്കാരും ആരുടെ പക്ഷത്താണെന്ന് വ്യക്തമാക്കണം.
കർഷകരെയും സാധാരണക്കാരെയും വഞ്ചിക്കുന്ന നിലപാട് തിരുത്തിയേ മതിയാകൂ. ജനവിരുദ്ധ നിർദേശങ്ങൾ സൃഷ്ടിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ നിലയ്ക്കുനിർത്താനുള്ള ആർജവം വനംമന്ത്രി കാണിക്കണമെന്നും കത്തോലിക്ക കോണ്ഗ്രസ് ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥർ പറയുന്നിടത്തെല്ലാം ഒപ്പിടാനുള്ള ജോലിയല്ല ജനപ്രതിനിധികളെ ഏൽപ്പിച്ചിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കണം. കരിനിയമങ്ങൾക്കെതിരേ തക്കസമയത്ത് പ്രതിഷേധിക്കാനും നിയമ നിർദേശങ്ങൾ പിൻവലിപ്പിക്കാനുള്ള സമ്മർദം ചെലുത്താനുള്ള ഉത്തരവാദിത്വം പ്രതിപക്ഷം നിർവഹിക്കണം.
നിയമഭേദഗതി സംബന്ധിച്ചുള്ള നിലപാട് മന്ത്രിയും ജനപ്രതിനിധികളും ഉടൻ വ്യക്തമാക്കണമെന്ന് രൂപത കമ്മിറ്റി ആവശ്യപ്പെട്ടു. ജനദ്രോഹപരമായ സമീപനവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെങ്കിൽ അതിശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും കത്താലിക്ക കോണ്ഗ്രസ് മുന്നറിയിപ്പുനൽകി.
രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ യോഗത്തിൽ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ റവ. ഡോ. മാനുവൽ പിച്ചളക്കാട്ട്, രൂപത ജനറൽ സെക്രട്ടറി മത്തച്ചൻ കളപ്പുരയ്ക്കൽ, രൂപത ട്രഷറർ തന്പി പിട്ടാപ്പിള്ളിൽ, ഭാരവാഹികളായ ജോയ്സ് മേരി ആന്റണി, ജോണ് മുണ്ടൻകാവിൽ, അഡ്വ. യു.വി. ചാക്കോ വറങ്ങലക്കുടിയിൽ, സി.എ. തോമസ് ചരളംകുന്നേൽ, ഷൈജു ഇഞ്ചയ്ക്കൽ, ജിജി പുളിക്കൽ,
ആന്റണി പുല്ലൻ, അബി മാത്യു കാഞ്ഞിരപ്പാറയിൽ, മാത്യു അഗസ്റ്റിൻ, ജോർജ് മങ്ങാട്ട്, ബേബിച്ചൻ നിധീരിക്കൽ, ബെന്നി തോമസ് മേലേത്ത്, ജോർജ് കുര്യാക്കോസ് ഒലിയപ്പുറം, ജിനു ആന്റണി മാടേക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
വന നിയമ ഭേദഗതി ബിൽ പിൻവലിക്കണം: ഡിസിസി
തൊടുപുഴ: ജനദ്രോഹം മുഖമുദ്രയാക്കിയ സംസ്ഥാന സർക്കാർ കൊണ്ടുവന്ന വനനിയമ ഭേദഗതി ബിൽ അടിയന്തരമായി പിൻവലിക്കണമെന്ന് ഡിസിസി നേതൃയോഗം ആവശ്യപ്പെട്ടു. വനപാലകർക്കു പൊതുജനത്തിന്റെ മേൽ കുതിര കയറാനും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാനും അധികാരം നൽകുന്ന ബിൽ ഏകാധിപതികൾക്ക് പോലും ഭൂഷണമല്ല. ഇടതു സർക്കാർ ബില്ലുമായി മുന്നോട്ടു പോകാനാണ് ഭാവമെങ്കിൽ കർഷകരെ അണിനിരത്തി ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പു നൽകി.
യോഗം എഐസിസി സെക്രട്ടറി പി.വി. മോഹൻ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് സി.പി. മാത്യു അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴയ്ക്കൻ, കെപിസിസി ജനറൽ സെക്രട്ടറി എസ്. അശോകൻ, ഇ.എം.ആഗസ്തി, റോയി കെ. പൗലോസ്, എ.കെ. മണി, ഇബ്രാഹിം കുട്ടി കല്ലാർ, ജോയി വെട്ടിക്കുഴി, തോമസ് രാജൻ ,എം.എൻ. ഗോപി, എ.പി. ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.
കാടൻ നിയമം: മാത്യു വർഗീസ്
തൊടുപുഴ: വനനിയമ ഭേദഗതി ജനദ്രോഹപരമാണെന്ന് അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗീസ് പറഞ്ഞു. ജനാധിപത്യ സർക്കാർ അനുവദിക്കാൻ പാടില്ലാത്ത നിർദേശങ്ങളാണ് ഉദ്യോഗസ്ഥർ കൊണ്ടുവന്നിട്ടുള്ളത്. കേരളത്തിൽ വനമില്ലാത്ത പ്രദേശങ്ങളിൽ പോലും വന്യമൃഗങ്ങൾ ജനങ്ങളെ കടന്നാക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നത് നിത്യസംഭവമായിരിക്കുകയാണ്.
വ്യാപകമായി കൃഷി ദേഹണ്ഡങ്ങൾ നശിപ്പിച്ച് വൻതോതിലുള്ള നഷ്ടമാണ് വരുത്തുന്നത്. ഇവയെ നിയന്ത്രിക്കേണ്ട ഉദ്യോഗസ്ഥർ കൈയും കെട്ടിയിരിക്കുകയാണ്. ഇപ്പോഴത്തെ നിയമഭേദഗതി നിർദേശം വഴി വനവും വന്യജീവിയുമായി ബന്ധപ്പെട്ട് എപ്പോൾ വേണമെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥന് സംശയത്തിന്റെ പേരിൽ ഒരാളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാൻ അവകാശം ലഭിക്കും.
ഏതുവീടും സ്ഥാപനവും ഒരു മുന്നറിയിപ്പുമില്ലാതെ ബലമായി എപ്പോൾ വേണമെങ്കിലും പരിശോധിക്കാനും വാഹനങ്ങളും മറ്റും പിടിച്ചെടുക്കാനും നിയമം മൂലം ഉദ്യോഗസ്ഥർക്ക് കഴിയും.
ഇപ്പോൾ തന്നെ വനംവകുപ്പിന് അമിതാധികരമാണ് നൽകിയിട്ടുള്ളത്. അതിനാൽ ഈ നിർദേശം പിൻവലിക്കാൻ സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയമത്തെ എതിർക്കും: കേരള കോണ്ഗ്രസ്
തൊടുപുഴ: സംസ്ഥാന മന്ത്രിസഭ അനുമതി നൽകിയ നിർദിഷ്ട വനം ഭേദഗതി നിയമത്തെ കേരള കോണ്ഗ്രസ് നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായി എതിർക്കുമെന്ന് പാർട്ടി ജില്ലാ പ്രസിഡന്റ് പ്രഫ. എം. ജെ. ജേക്കബ് വ്യക്തമാക്കി.
ജില്ലയിലെ ജനങ്ങളെയാണ് പുതിയ നിയമം ഏറ്റവും അധികം ബാധിക്കുന്നത്. വനവുമായി ഏതെങ്കിലും രീതിയിൽ ബന്ധപ്പെടുന്ന എല്ലാ പ്രവർത്തനങ്ങളും സന്പൂർണമായി കുറ്റകൃത്യമാക്കി മാറ്റുന്ന ഭീകരാന്തരീക്ഷമാണ് ഉണ്ടാകാൻ പോകുന്നത്. വനത്തിലൂടെ ഒഴുകുന്ന വെള്ളം ഉപയോഗിക്കാൻ പോലും നിരോധനം ഏർപ്പെടുത്തുകയാണ്.
വനനിയമ ലംഘനത്തിന് വലിയ തുകയും തടവും ശിക്ഷ ഏർപ്പെടുത്തുന്ന കരിനിയമമാണ് സർക്കാർ അംഗീകരിച്ചിട്ടുള്ളത്. ജില്ലയിൽ നിന്നുള്ള മന്ത്രി റോഷി അഗസ്റ്റിൻ ഈ കിരാത നിയമത്തെ മന്ത്രിസഭയിൽ എതിർക്കാതിരുന്നത് കൊടുംക്രൂരതയാണ്.
മന്ത്രിസഭയുടെ അംഗീകാരം ഏകകണ്ഠമായിരുന്നു എന്നത് ശ്രദ്ധേയമാണ്. നിലവിലുള്ള വനസംരക്ഷണ നിയമം തന്നെ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നതാണ്. ജില്ലയിൽ സന്പൂർണ വനവത്കരണ പ്രക്രിയയ്ക്കാണ് സംസ്ഥാന സർക്കാർ പദ്ധതിയിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.