ഓട്ടോ മറിഞ്ഞ് അധ്യാപികയ്ക്ക് പരിക്ക് : സംരക്ഷണഭിത്തി ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിൽ
1486621
Friday, December 13, 2024 3:44 AM IST
തൊടുപുഴ: സംരക്ഷണഭിത്തി ഇടിഞ്ഞു കിടക്കുന്ന കലൂർ ചർച്ച് റോഡിൽ അപകട സാധ്യതയേറിയിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. കഴിഞ്ഞ ദിവസം ഇവിടെ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് തൊടുപുഴ കോ-ഓപ്പറേറ്റീവ് പബ്ലിക് സ്കൂൾ അധ്യാപികയ്ക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റിരുന്നു.
രാവിലെ സ്കൂൾ സമയത്ത് ഉണ്ടാകുന്ന വാഹനങ്ങളുടെ തിരക്കും റോഡിന്റെ തകർന്ന സംരക്ഷണഭിത്തിയുമാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു.
ഇവിടെ രണ്ടു വർഷത്തോളമായി സംരക്ഷണഭിത്തി തകർന്നിരിക്കുകയാണെങ്കിലും പൊതുമരാമത്ത് അധികൃതർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
കൂടാതെ സ്കൂളിന് സമീപം ഓടയുടെ മുകളിൽ സ്ലാബ് ഇല്ലാത്തതും അപകടം ക്ഷണിച്ചുവരുത്തുമെന്ന് സ്കൂൾ അധികൃതരും രക്ഷിതാക്കളും നാട്ടുകാരും ചൂണ്ടിക്കാട്ടി.