കുട്ടികളുടെ ഹരിതസഭ ശിശുദിനത്തിൽ; ജില്ലാതല ഉദ്ഘാടനം ഉടുന്പന്നൂരിൽ
1478864
Thursday, November 14, 2024 3:53 AM IST
തൊടുപുഴ: ശുചിത്വപരിപാലനത്തിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ ശിശുദിനത്തിൽ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിക്കും. മാലിന്യമുക്തം നവകേരളം ജനകീയ കാന്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹരിതസഭയിൽ ജില്ലയിലെ എല്ലാ സ്കൂളുകളിലെയും കുട്ടികൾ പങ്കെടുക്കും.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും തുല്യാനുപാതത്തിൽ ഹരിതസഭയുടെ ഭാഗമാകും. 200 കുട്ടികളെ പങ്കെടുപ്പിച്ചാകും ഒരു ഗ്രാമസഭ നടക്കുക. വിദ്യാലയങ്ങളിലെ ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ചുമതലയുള്ള നോഡൽ ഓഫീസർമാരായ അധ്യാപകരും ഹരിതസഭയുടെ ഭാഗമാകും.
തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ അതത് തദ്ദേശ സ്വയംഭരണ പ്രദേശത്തെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട സ്ഥിതി വിലയിരുത്തി റിപ്പോർട്ട് തയാറാക്കി ഹരിത സഭയിൽ അവതരിപ്പിക്കും.
സ്കൂളിലെ മാലിന്യസംസ്കരണ പ്രവർത്തനങ്ങളുടെ നിരീക്ഷണങ്ങൾ, മാലിന്യം കൈകാര്യം ചെയ്യുന്ന രീതി, മാലിന്യം കത്തിക്കുന്നതും വലിച്ചെറിയുന്നതുമായ പ്രശ്നങ്ങൾ, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം, നിലവിലുള്ള വെല്ലുവിളികൾ, ദ്രവ മാലിന്യസംസ്കരണ രംഗത്തെ പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഹരിതസഭ ചർച്ച ചെയ്യും. കുട്ടികളുടെ ഹരിതസഭ നിയന്ത്രിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട 11, 12 ക്ലാസുകളിലെ വിദ്യാർഥികളായ എൻഎസ്എസ് വോളണ്ടിയർമാരാണ്.
കുട്ടികൾ കണ്ടെത്തിയതും ശേഖരിച്ചതുമായ നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് പരിശോധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനം മാലിന്യസംസ്കരണ രംഗത്ത് നടത്തുന്ന പ്രവർത്തനങ്ങളും സംവിധാനങ്ങളും സംബന്ധിച്ച പരാതികളും ഓരോ പരാതിയിന്മേൽ തദ്ദേശസ്വയംഭരണ സ്ഥാപനം സ്വീകരിച്ച നടപടികളും സംബന്ധിച്ച് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സഭയിൽ റിപ്പോർട്ട് അവതരിപ്പിക്കണം. പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ജനപ്രതിനിധികളോട് ചോദ്യം ചോദിക്കുന്നതിനുള്ള അവസരവുമുണ്ടാകും. രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെയാണ് ഹരിതസഭ സംഘടിപ്പിക്കുന്നത്.
ഹരിതസഭയുടെ ജില്ലാതല ഉദ്ഘാടനം ഉടുന്പന്നൂർ പാറേക്കവല സെന്റ്് ജോസഫ്സ് എൽപി സ്കൂളിൽ എഡിഎം ഷൈജു പി. ജേക്കബ് ഉദ്ഘാടനം ചെയ്യും.