കളിയാരവം ബാക്കിയാക്കി കബീർ യാത്രയായി
1478862
Thursday, November 14, 2024 3:53 AM IST
കാഞ്ഞാർ: കളിയാരവങ്ങളില്ലാത്ത ലോകത്തേക്ക് കബീർ യാത്രയായി. നാലു പതിറ്റാണ്ടോളം വോളിബോൾ കോർട്ടുകളിൽ മിന്നൽപ്പിണർ പോലെയുള്ള കിടിലൻ സ്മാഷുകൾ ഉതിർത്ത് കാണികളെ ആവേശം കൊള്ളിച്ച പ്രശസ്ത വോളിബോൾതാരമായ കാഞ്ഞാർ സ്വദേശി കബീർ ഇന്നലെയാണ് അന്തരിച്ചത്.
കാഞ്ഞാറുകാരുടെ കബീറണ്ണൻ എന്ന് അറിയപ്പെട്ടിരുന്ന മണക്കണ്ടത്തിൽ കബീർ എക്കാലവും വോളിബോൾ കോർട്ടിൽ നിറഞ്ഞുനിന്ന മികച്ച പ്രതിഭയായിരുന്നു.
ഇടുക്കിയിലെ മലയോര മേഖലയിൽ വോളിബോൾ എന്ന കായിക ഇനത്തിനു ലഭിച്ച സ്വാധീനം തന്നെ കബീർ ഉൾപ്പെടെയുള്ള മികച്ച താരങ്ങളുടെ സംഭാവനയായിരുന്നു. ഒരു കാലഘട്ടത്തിൽ ജില്ലാ , സംസ്ഥാന ടീമുകളിലെ മിന്നും താരമായിരുന്നു കബീർ. വോളിബോൾ കോർട്ടിലേയ്ക്ക് കബീർ കടന്നു വരുന്പോൾ തന്നെ കാണികൾ ആവേശത്തോടെ കൈയടിക്കുമായിരുന്നു.
1982 കാലത്താണ് കബീർ വോളിബോൾ കോർട്ടിലേക്ക് കാലെടുത്തു വയ്ക്കുന്നത്. അന്നു പതിമൂന്നുകാരനായ കബിറിന്റെ വീടിന് ചുറ്റും നിരവധി വോളിബോൾ കോർട്ടുകൾ ഉണ്ടായിരുന്നു. മുതിർന്നവർ കളിക്കുന്നത് കണ്ട കബീറിനും വോളിബോളിനോട് താത്പര്യമായി. മുതിർന്ന കളിക്കാരോടൊപ്പം കളിച്ചു തുടങ്ങിയതിനു പിന്നാലെ വോളിബോൾ ക്യാന്പുകളിലും പങ്കെടുത്തു.
കബീറിന്റെ പ്രതിഭ കണ്ട് അഖിലേന്ത്യാ വോളിബോൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയായിരുന്ന കെ.ജി. ഗോപാലകൃഷ്ണൻ നല്ല പിന്തുണ നൽകി. മൂന്നുവർഷം കൊണ്ട് ജില്ലാ, സംസ്ഥാന ടീമുകളിൽ ഇടം നേടി .
അരുവിത്തുറ സെന്റ് ജോർജ് കോളജ് മൈതാനത്ത് നടന്ന ദേശീയ വോളിബോൾ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു കളിച്ചു. വിവിധ ക്ലബ്ബുകൾക്ക് വേണ്ടി സംസ്ഥാനത്തിനകത്തും പുറത്തും വോളിബോൾ മത്സരങ്ങളിൽ പങ്കെടുത്തു. അറ്റാക്കിംഗ്, ഡിഫൻസ്, ജംപ് ആൻഡ് സർവീസിംഗ് കോർട്ടിൽ ഓൾ റൗണ്ടറായി നിറഞ്ഞുനിന്നു. മറ്റുള്ള കളിക്കാരെ പ്രോത്സാഹിപ്പിക്കാനും കബീർ മറക്കാറില്ല.
മത്സരങ്ങളിൽനിന്നു ലഭിച്ച ആയിരത്തോളം ട്രോഫികളാണ് കബീറിന്റെ നേട്ടം. എസ്.എ. മധുവിനും രാജ് വിനോദിനുമൊപ്പം മികച്ച പ്രകടനമാണ് അക്കാലത്ത് കബീറും കാഴ്ച വച്ചിരുന്നത്. പേരുകേട്ട കാഞ്ഞാർ വിജിലന്റ് ക്ലബ്ബിനെ പ്രതിനിധീകരിച്ചാണ് അദ്ദേഹം കൂടുതൽ കാലവും കളിച്ചത്. ശ്രമിച്ചിരുന്നെങ്കിൽ സ്പോർട്സ് ക്വാട്ടയിൽ ജോലി ലഭിക്കുമായിരുന്നെങ്കിലും കളിയാവേശം തലയ്ക്ക് പിടിച്ചതിനാൽ അക്കാര്യം ശ്രദ്ധിച്ചില്ല.
മുൻ സംസ്ഥാന വോളിബോൾ ടീമംഗമായ കബീർ കുട്ടികൾക്ക് വോളിബോൾ പരിശീലനവും നൽകി വരുന്നുണ്ടായിരുന്നു. കാഞ്ഞാറിൽ സംഘടിപ്പിക്കുന്ന വോളിബോൾ ടൂർണമെന്റിന്റെ സംഘാടകനുമായിരുന്നു. കാഞ്ഞാർ , അറക്കുളം മേഖലകളിലെ കായിക പ്രേമികൾക്ക് വോളിബോൾ എന്ന് പറയുന്പോൾ ആദ്യം ഓർമ വരുന്നത് തന്നെ കാഞ്ഞാർ കബീറെന്ന ഉയരക്കാരനെയാണ്.