ബസില്‍ കുഴഞ്ഞുവീണ യുവാവിന് ജീവനക്കാര്‍ രക്ഷകരായി
1591100
Friday, September 12, 2025 6:57 AM IST
കടുത്തുരുത്തി: ബസില്‍ കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിലെത്തിച്ചു സ്വകാര്യ ബസ് ജീവനക്കാര്‍ രക്ഷകരായി. വടയാര്‍ ഭൂതങ്കേരില്‍ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന തുറയില്‍ എസ്. സനീഷിനെ (39) ആണ് ബസ് കണ്ടക്ടറായ മധുരവേലി വടക്കേച്ചിറയില്‍ വി.ടി. വിനായകന്റെയും ഡ്രൈവര്‍ മാന്‍വെട്ടം കുഴുപ്പില്‍ ലെയ്സണ്‍ കെ. സൈമണിന്റെയും സമയോചിത ഇടപെടൽ രക്ഷയായത്.
ഇന്നലെ രാവിലെ ഒമ്പതിന് വടയാര്‍ പൊട്ടന്ചിറയില്നിന്ന് സനീഷ് വൈക്കം-കല്ലറ-കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന വന്ദന ബസില്‍ കയറി. ശ്വാസതടസമുണ്ടായതിനെത്തു ടർന്ന് സനീഷ് ഉടൻ കുഴഞ്ഞു വീഴുകയായിരുന്നു. അപസ്മാരമാണന്നു കരുതി താക്കോല്‍ ഉള്‍പ്പെടെ കൈയില്‍ നല്‍കിയിട്ടും ശമനമില്ലാതെ സനീഷ് അബോധാവസ്ഥയിലായി. ഉടന്‍തന്നെ കണ്ടക്ടര്‍ വിനായകന് അടുത്ത ആശുപത്രിയിലേക്ക് ബസ് പോകാന്‍ നിര്‍ദേശിച്ചു.
തലയോലപ്പറമ്പ് പോലീസ് സ്റ്റേഷന് സമീപമുള്ള ക്ലിനിക്കിന് മുമ്പില്‍ ബസ് നിര്‍ത്തി ജീവനക്കാരും കടുത്തുരുത്തി പോളിടെക്നിക് കോളജിലെ വിദ്യാര്‍ഥികളും ചേര്‍ന്ന് സനീഷിനെ താങ്ങിയെടുത്ത് ഇവിടെ എത്തിച്ചെങ്കിലും ഈ സമയം ഡോക്ടറുടെ സേവനം ലഭ്യമല്ലായിരുന്നു. വീണ്ടും ബസില്‍ സനീഷുമായി ഒന്നര കിലോമീറ്റര്‍ അകലെയുള്ള തലയോലപ്പറമ്പ് സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തി. ഇതിനിടയില്‍ ബസ്സ്റ്റാന്‍ഡ് അടക്കമുള്ള പ്രധാന സ്റ്റോപ്പുകളില്‍ നിര്‍ത്താതെയാണ് ബസ് ആശുപത്രിയിലേക്ക് എത്തിയത്.
ജീവനക്കാരും വിദ്യാര്‍ഥികളും ചേര്‍ന്ന് സനീഷിനെ ആശുപത്രിക്കുള്ളിലെത്തിച്ചു. സംഭവസമയം ഇവിടെയുണ്ടായിരുന്ന ഡോ. കാതറിന് റീത്ത ഡേവീസും നഴ്സ് രാഖിയും ചേര്‍ന്ന് പ്രാഥമിക ചികിത്സ നല്കി. അപസ്മാരത്തിന്റെ ലക്ഷണം കാണിച്ചതിനാല്‍ സനീഷിന് കുത്തിവയ്പ് നല്കി.
രോഗിയുടെ വിവരം തിരക്കി 10 മിനിട്ടിലധികം പുറത്തു കാത്തുനിന്ന ജീവനക്കാരും യാത്രക്കാരും സനീഷിന് ആശ്വാസമായി എന്നറിഞ്ഞശേഷമാണ് ആശുപത്രിയില്‍നിന്നു പോയത്.
നല്ല തിരക്കുളള സമയമായിരുന്നെങ്കിലും തുടര്‍ന്നുള്ള സ്റ്റോപ്പുകളില്‍നിന്ന് യാത്രക്കാരെ കയറ്റാതെ ബസ് കോട്ടയത്തേക്ക് യാത്ര തുടര്‍ന്നു. സനീഷിനെ പിന്നീട് ആശുപത്രി ജീവനക്കാര്‍ ഇടപെട്ട് ആംബുലന്‍സില്‍ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കടുത്തുരുത്തിയിലുള്ള സുഹൃത്തിനെ കാണാന്‍ പോവുകയായിരുന്നു സനീഷെന്നു പിതാവ് സദാശിവന് പറഞ്ഞു.