സീനിയേഴ്സിനെ സ്മാർട്ടാക്കാൻ പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത്
1591101
Friday, September 12, 2025 6:57 AM IST
കുറവിലങ്ങാട്: ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുതിർന്ന പൗരന്മാർക്ക് ആദരവും അംഗീകാരവുമൊരുക്കി ബ്ലോക്ക് പഞ്ചായത്ത്. സുന്ദരം സായാഹ്നം, സ്മാർട്ട് സീനിയേഴ്സ് എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വയോജന സൗഹൃദമാക്കി ബ്ലോക്ക് പഞ്ചായത്തിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണും വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബും പറഞ്ഞു.
പദ്ധതിയുടെ ഉദ്ഘാടനം നാളെ 10ന് ബ്ലോക്ക് പഞ്ചായത്ത് ഓപ്പൺ സ്റ്റേജിൽ നടക്കും. ഫാ. ജോസഫ് പുത്തൻപുര ഉദ്ഘാടനം ചെയ്യും.
ബ്ലോക്ക് പ്രസിഡന്റ് രാജു ജോൺ അധ്യക്ഷത വഹിക്കും. ആരോഗ്യ, നിയമ ബോധവൽക്കരണം, മെഡിക്കൽ ക്യാമ്പ്, വയോജനസംഗമം എന്നിവയാണ് പ്രധാനമായും നടത്തുന്നത്. കെ. രവികുമാർ ക്ലാസിന് നേതൃത്വം നൽകും. കലാപരിപാടികൾ സംഗമത്തിന് മിഴിവേകും.