ദ് ഫോര്‍ത്ത് സ്റ്റേറ്റ്: പ്ലാസ്മ എക്സിബിഷന് 15 മുതല്‍ സെയിന്റ്ഗിറ്റ്സില്
1591094
Friday, September 12, 2025 6:53 AM IST
കോട്ടയം: ആറ്റോമിക് എനര്‍ജി ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാസ്മ റിസര്‍ച്ചിന്റെ സഹകരണത്തോടെ സെയിന്റ്ഗിറ്റ്സ് എൻജിനിയറിംഗ് കോളജ് (ഓട്ടോണമസ്) കാമ്പസില്‍ ദ് ഫോര്‍ത്ത് സ്റ്റേറ്റ് പ്ലാസ്മ എക്സിബിഷന് 15 മുതല്‍ 19വരെ നടക്കും. രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 3.30വരെ നടക്കുന്ന ശാസ്ത്രീയ പ്രദര്‍ശനം സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്ലാസ്മയുടെ അത്ഭുതലോകത്തിലേക്ക് കൗതുകകരവും വിജ്ഞാനമേകുന്നതുമായ അനുഭവമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഭൗതികശാസ്ത്രം, രസതന്ത്രം, എൻജിനിയറിംഗ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മോഡലുകളും ലൈവ് ഡെമോണ്‍സ്ട്രേഷനുകളും വെര്‍ച്വല്‍ റിയാലിറ്റി അനുഭവങ്ങളും മുഖേന ശാസ്ത്രത്തിന്റെ ആപ്ലിക്കേഷനുകള്‍ വിദ്യാര്‍ഥികള്‍ക്ക് കാണാന്‍ അവസരം ലഭിക്കും.
പ്ലാസ്മയുടെ പെരുമാറ്റം, സൂപ്പര്‍കണ്ടക്ടിവിറ്റി, മാഗ്നറ്റിക് ലെവിറ്റേഷന്‍, ടോക്കാമാക് മോഡലുകള്‍ എന്നിവയും ന്യൂക്ലിയര്‍ ഫ്യൂഷന്‍ റിയാക്റ്ററിന്റെ വെര്‍ച്വല്‍ റിയാലിറ്റി ഷോയും ഇതോടൊപ്പം ഒരുക്കുന്നുണ്ട്.