തലയോലപ്പറമ്പിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കണം
1591098
Friday, September 12, 2025 6:53 AM IST
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് പള്ളിക്കവലയിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ പ്രവർത്തനരഹിതമായിട്ട് അഞ്ചു വർഷം പിന്നിടുന്നു. സി.കെ. ആശ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 17.82 ലക്ഷം രൂപ വിനിയോഗിച്ചാണ് പള്ളിക്കവലയിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത്.
തിരക്കേറിയ കവലയിൽ ഗതാഗത നിയന്ത്രണത്തിന് ഏറെ ഉപകാരപ്രദമായിരുന്ന സിഗ്നൽ ലൈറ്റുകളാണ് പ്രവർത്തനരഹിതമായത്. ഇതിന്റെ നിർമാണവും അറ്റകുറ്റപ്പണിയും കെൽട്രോൺ കമ്പനിയുടെ ചുമതലയിലായിരുന്നു. അറ്റകുറ്റപ്പണിയുടെ കാലാവധി കഴിഞ്ഞശേഷം രാത്രിയിൽ കണ്ടെയ്നർ ലോറി ഇടിച്ചാണ് സിഗ്നൽ പ്രവർത്തനരഹിതമായത്. ലോറിയുടമയെ പോലീസ് കണ്ടെത്തി. പഞ്ചായത്ത് ഭരണാധികാരികളുമായുള്ള ചർച്ചയിൽ സിഗ്നൽ തകരാർ പരിഹരിക്കാനാവശ്യമായ തുക ഇൻഷ്വറൻസ് കമ്പനി മുഖേന നൽകാമെന്ന ഉറപ്പും നൽകി ലോറിയുടമ പോയി. പിന്നീട് തുടർനടപടികളുണ്ടായില്ല.
തലയോലപ്പറമ്പിൽനിന്ന് എറണാകുളം, തൊടുപുഴ, മൂവാറ്റുപുഴ, കോട്ടയം, പാലാ ഭാഗങ്ങളിലേക്ക് ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഈ റൗണ്ടാന തിരിഞ്ഞു പോകുന്നത്. തലങ്ങും വിലങ്ങും വാഹനങ്ങൾ ചീറിപ്പായുമ്പോൾ കാൽനടയാത്രക്കാരാണ് ഏറ്റവുമധികം വിഷമിക്കുന്നത്.
കെൽട്രോൺ കമ്പനിയുമായി ചർച്ചകൾ നടക്കുകയാണെന്നും എംഎൽഎയുടെ സഹായം അഭ്യർഥിച്ചിട്ടുണ്ടെന്നും പഞ്ചായത്തംഗം അനിൽ ചെള്ളാങ്കൽ പറഞ്ഞു. രാവിലെയും വൈകുന്നേരവും രൂക്ഷമായ ഗതാഗതക്കുരുക്കും അപകടങ്ങളും നിത്യസംഭവമാണ്. കഴിഞ്ഞ ദിവസം രാവിലെ തലയോലപ്പറമ്പിൽനിന്ന് കോട്ടയം ഭാഗത്തേ ക്കുപോയ സ്വകാര്യബസും കോട്ടയത്തുനിന്നും എറണാകുളം റൂട്ടിലേക്ക് തിരിഞ്ഞ കാറും ഇവിടെ കൂട്ടിയിടിച്ചിരുന്നു.
സിഗ്നൽ ലൈറ്റ് പ്രവർത്തിപ്പിക്കാൻ കെൽട്രോൺ കമ്പനിയുമായി ചർച്ചകൾ നടക്കുകയാണെന്നും എംഎൽഎയുടെ സഹായവും അഭ്യർഥിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് അംഗം അനിൽചെള്ളാങ്കൽ പറഞ്ഞു.