ജെറുസലേം പള്ളിയിൽ ഇനി ഒാപ്പസ് 380 സംഗീതം പൊഴിക്കും
1590879
Thursday, September 11, 2025 11:55 PM IST
റോബിന് ഏബ്രഹാം ജോസഫ്
കോട്ടയം: കോട്ടയം ജറുസലേം പള്ളിയിൽ ആരാധനയുടെ നിമിഷങ്ങൾ ഇനി കൂടുതൽ സംഗീതസാന്ദ്രമാകും. പള്ളിയിലെ സംഗീതനിമിഷങ്ങൾക്ക് പുതിയ അനുഭൂതി പകരാൻ ഇവിടേക്ക് പുതിയ അതിഥി എത്തിയിരിക്കുന്നത് നെതർലൻഡ്സിൽനിന്നാണ്. ജോഹന്നസ് ഓപ്പസ് 380 ചര്‍ച്ച് ഓര്‍ഗന്‍ ആണ് കോട്ടയം ജെറുസലേം മാര്‍ത്തോമ്മാ പള്ളിക്കു സ്വന്തമായിരിക്കുന്നത്. 17 ലക്ഷം രൂപയോളം വിലമതിക്കുന്നതാണ് ഈ ചർച്ച് ഒാർഗൺ. ഇന്ത്യയിൽത്തന്നെ ഈ ഗണത്തിൽപ്പെട്ട ഒാർഗൺ ഉപയോഗിക്കുന്ന ആദ്യ പള്ളിയാണ് ജറുസലേം മാർത്തോമ്മ പള്ളിയെന്ന് പള്ളി അധികൃതർ പറയുന്നു.
വിദേശങ്ങളിലെ പള്ളികളിൽ ദേവാലയ സംഗീതത്തിനു വലിയ പ്രാധാന്യമുണ്ട്. പുരാതനമായതും അപൂർവമായതുമായ ഒാർഗണും പിയാനോയും വയലിനും ഗിറ്റാറുമടക്കം ഉപയോഗിക്കുന്ന സംഗീത ഉപകരണങ്ങൾ ഉപയോഗിക്കുന്ന നിരവധി പള്ളികളുണ്ട്. പുരാതനമായ കൂറ്റൻ പൈപ്പ് ഒാർഗൺ ഉപയോഗത്തിലുള്ള പള്ളികളുമുണ്ട്.
ആരാധനാ ശുശ്രൂഷകള്‍ക്കു പുറമെ എക്യുമെനിക്കല്‍ രംഗങ്ങളിലും ജെറുസലേം മാര്‍ത്തോമ്മാ പള്ളിയുടെ ഗായകസംഘം സജീവമാണ്. പ്രായഭേദമെന്യേ നിരവധിപേർ ഉള്‍പ്പെടുന്നതാണ് ഇവിടത്തെ ഗായകസംഘം. പള്ളിയുടെ 125-ാം വാര്‍ഷിക വേളയിലാണ് ഓര്‍ഗന്‍ വാങ്ങിയത്. മൂന്ന് മാനുവലുകള്‍, 43 സ്റ്റോപ്പുകള്‍, 4.1 ഓഡിയോ സിസ്റ്റം എന്നിവയാണ് ഓപ്പസ് 380യുടെ പ്രധാന സവിശേഷതകള്‍.