അങ്കണവാടിയിൽനിന്ന് വെളിച്ചെണ്ണ മോഷ്ടിച്ചയാള്‍ കാണാമറയത്ത്
1580770
Saturday, August 2, 2025 7:33 AM IST
ചങ്ങനാശേരി: വെളിച്ചെണ്ണ വില കുത്തനെ ഉയരുമ്പോള്‍ പെരുമ്പനച്ചി അങ്കണവാടിയുടെ പൂട്ടുപൊളിച്ച് സ്റ്റോര്‍ റൂമില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന നാല് ലിറ്റര്‍ വെളിച്ചെണ്ണ കവര്ന്നയാളെത്തേടി തൃക്കൊടിത്താനം പോലീസ്.
പെരുമ്പനച്ചി ഗവൺമെന്റ് എല്‍പി സ്കൂളിന്റെ അടുക്കളയുടെ പൂട്ട് പൊളിച്ച് അരിപ്പെട്ടിയില്‍ സൂക്ഷിച്ചിരുന്ന വെട്ടുകത്തി എടുത്താണ് തൊട്ടുചേര്‍ന്നുള്ള അങ്കണവാടിയുടെ സ്റ്റോര്‍ റൂം കുത്തിത്തുറന്നത്.
വെളിച്ചെണ്ണയ്ക്കൊപ്പം രണ്ടരക്കിലോ റാഗിപ്പൊടിയും നാല് കിലോ ശര്‍ക്കരയും മോഷണം പോയിരുന്നു. കേടായതിനെത്തുടര്‍ന്ന് അഴിച്ചുവച്ച ഒരു ഫാനും മോഷണം പോയിട്ടുണ്ട്. അങ്കണവാടിയിലേക്ക് ഭക്ഷ്യസാധനങ്ങള്‍ സ്റ്റോക്ക് വന്ന തൊട്ടടുത്ത ദിവസമാണ് മോഷണം നടന്നത്.
തൃക്കൊടിത്താനം എസ്എച്ച്ഒ എം.ജെ. അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വെളിച്ചെണ്ണ മോഷ്ടാവിനെ തെരയുന്നത്.