ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം മെഡിക്കൽ കോളജിൽ ഉപേക്ഷിച്ചെന്ന്
1580759
Saturday, August 2, 2025 7:15 AM IST
ഗാന്ധിനഗർ: വെസ്റ്റ് ബംഗാൾ സ്വദേശിയുടെ മൃതദേഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടതിന്റെ പേരിൽ കരാറുകാരൻ ആശുപത്രിയിൽ ഉപേക്ഷിച്ചെന്നു പരാതി. എറണാകുളത്ത് കെട്ടിടം പണിക്കിടെ വീണു പരിക്കേറ്റ നിൽരത്തൻ ബിശ്വാസിനെ (41) കഴിഞ്ഞ 22നാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചു. വ്യാഴാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാൻ ആംബുലൻസ് എത്തിയപ്പോഴാണ് തർക്കമുണ്ടായത്.
നഷ്ടപരിഹാരം നൽകണമെന്ന് മരിച്ചയാളുടെ സുഹൃത്തുക്കൾ ആവശ്യപ്പെട്ടതിനെ ത്തുടർന്ന് കരാറുകാരൻ പണം നൽകാൻ തയാറായില്ല. ഇതേത്തുടർന്ന് കരാറുകാരൻ അയച്ച ആംബുലൻസ് മടങ്ങിപ്പോയി.
ഇന്നലെ ഉച്ചയ്ക്ക് വീണ്ടും ആംബുലൻസ് വന്നപ്പോൾ സുഹൃത്തുക്കളെ കണ്ടില്ല. ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ കരാറുകാരന്റെയോ ആധാർ കാർഡ് അടക്കമുള്ള രേഖകളുടെ കോപ്പി കൊടുത്താലേ മൃതദേഹം വിട്ടുനൽകാൻ സാധിക്കുകയുള്ളൂവെന്ന് ആശുപത്രി ജീവനക്കാർ അറിയിച്ചു. രേഖകൾ ഇല്ലാത്തതിനാൽ മൃതദേഹം കൊണ്ടുപോകാൻ ആളില്ലാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.