ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു മാസം : പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്റെ സീലിംഗ് ഇളകിവീണു
1592681
Thursday, September 18, 2025 7:19 AM IST
ഞീഴൂര്‍: ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം കഴിയും മുമ്പേ നവീകരിച്ച പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്റെ സീലിംഗ് ഇളകിവീണു. 25 ലക്ഷം രൂപ മുടക്കി നവീകരിച്ച ഞീഴൂര്‍ പഞ്ചായത്തിന്റെ കമ്യൂണിറ്റി ഹാളിന്റെ മുൻവശത്തെ സീലിംഗാണ് ഇന്നലെ രാവിലെ പെയ്ത ശക്തമായ മഴയില്‍ വെള്ളം കെട്ടിനിന്നതിനെത്തുടര്‍ന്ന് അടര്‍ന്ന് തൂങ്ങിക്കിടന്നത്. ഈ സമയം താഴെ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ അപകടമുണ്ടായില്ല.
മഴവെള്ളം ഒഴുകിപ്പോകാന്‍ പൈപ്പുകള്‍ സ്ഥാപിച്ചിരുന്നതാണെങ്കിലും സീലിംഗിനിടെ വെള്ളം കെട്ടിനിന്നതോടെയാണ് അടന്ന്നുവീഴാനിടയാക്കിയത്. നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് ആരോപണവുമായി പഞ്ചായത്തംഗങ്ങള്തന്നെ രംഗത്തുവന്നിട്ടുണ്ട്.
മോന്‍സ് ജോസഫ് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് ഞീഴൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്. ഇതിന്റെ ഉദ്ഘാടനം അടുത്തിടെ മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചിരുന്നു.