നവീകരിച്ച പുതിയ റീഡിംഗ് ഹാളിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്കി
1592678
Thursday, September 18, 2025 7:19 AM IST
കോട്ടയം: പുന്നയ്ക്കല്‍ ചുങ്കം ലൈബ്രറിയില്‍ നവീകരിച്ച പുതിയ റീഡിംഗ് ഹാളിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരു നല്കി. ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ് തന്റെ ഡിവിഷന് ഫണ്ടില്‍നിന്ന് 22 ലക്ഷം രൂപ ചെലവഴിച്ചാണ് ലെെബ്രറിയുടെയും ചുറ്റുമതിലിന്റെയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്.
ജില്ലാ പഞ്ചായത്ത് ഡിവിഷന് ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന രണ്ടാമത്തെ ലൈബ്രറിയാണ് പുന്നയ്ക്കല്‍ ചുങ്കത്തേത്. ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളുടെ ഉന്നമനത്തിനുവേണ്ടി മാത്രം 57 ലക്ഷം രൂപയാണ് ഡിവിഷന് ഫണ്ടില്‍നിന്ന് ഇതുവരെ അനുവദിച്ചതെന്ന് പി.കെ. വൈശാഖ് പറഞ്ഞു.
നവീകരിച്ച പുതിയ ലൈബ്രറിയുടെയും ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ റീഡിംഗ് ഹാളിന്റെയും ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ നിര്‍വഹിച്ചു.
ലൈബ്രറി പ്രസിഡന്റ് മാത്യു കുര്യന് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാര്‍ഡ് വിതരണം പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍ പി.കെ. വൈശാഖ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോണ്‍, വാര്‍ഡ് മെംബര്‍ മിനി ഇട്ടിക്കുഞ്ഞ്, കെ.യു. രഘു, ബി. ശശികുമാര്‍, ഷൈജു തെക്കുംചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.