സ്നേഹദീപത്തിന്റെ സ്നേഹവീടുകള്‍ 62 ലേക്ക്
1592698
Thursday, September 18, 2025 9:26 PM IST
പാലാ: ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്നേഹദീപം ഭവന പദ്ധതി 62 സ്നേഹവീടുകളിലേക്കു കടക്കുന്നു. കെഴുവംകുളം സ്വദേശി നല്കിയ രണ്ടു ലക്ഷം രൂപയില്‍നിന്നു തുടക്കംകുറിച്ച സ്നേഹദീപം ഭവനപദ്ധതി കൊഴുവനാല്‍, മുത്തോലി, കിടങ്ങൂര്‍, മീനച്ചില്‍ അകലക്കുന്നം, എലിക്കുളം, കരൂര്‍ പഞ്ചായത്തുകളിലായി 57 വീടുകളുടെ നിര്‍മാണമാണ് ഏറ്റെടുത്തത്. സ്നേഹദീപത്തിലെ 58 മുതല്‍ 62 വരെയുള്ള അഞ്ച് വീടുകളുടെ നിര്‍മാണത്തിനാണ് ഇപ്പോള്‍ തുടക്കം കുറിക്കുന്നത്.
സ്നേഹദീപത്തിലെ 38 മുതല്‍ 62 വരെയുള്ള വീടുകളുടെ ശിലാസ്ഥാപനവും സ്നേഹദീപം പദ്ധതിയിലെ 51-ാമത്തെതും കൊഴുവനാല്‍ സ്നേഹദീപത്തിന്റെ നേത്യത്വത്തില്‍ നിര്‍മിച്ച കൊഴുവനാല്‍ പഞ്ചായത്തിലെ 26-ാമത്തെതുമായ വീടിന്റെ താക്കോല്‍ സമര്‍പ്പണവും 21ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തും. സാമൂഹ്യപ്രവര്‍ത്തക ദയാബായി ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് അഞ്ച് വീടുകളുടെ ശിലാസ്ഥാപനകര്‍മം നടത്തും.
ജോസ് കെ.മാണി എംപി. 51-ാമത്തെ സ്നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണവും അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ സ്നേഹദീപം പദ്ധതിയുടെ സുമനസുകളെ ആദരിക്കുന്നതും മാണി സി. കാപ്പന് എംഎല്‍എ മുഖ്യപ്രഭാഷണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ ആമുഖപ്രസംഗവും നടത്തും. ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസി പൊയ്കയില്‍, സ്നേഹദീപം പ്രസിഡന്റുമാരായ ഡോ. മേഴ്സി ജോണ്‍, ഷിബു പൂവേലില്‍, സന്തോഷ് കാവുകാട്ട്, പി.ജി. ജഗന്നിവാസന്‍ പിടിക്കാപറമ്പില്‍, ഗിരീഷ് കുമാര്‍ ഇലവുങ്കല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.