കുടുംബശ്രീയുടെ ‘മാ കെയര്‍’ പദ്ധതി കൂടുതല്‍ സ്കൂളുകളിലേക്ക്
1592675
Thursday, September 18, 2025 7:19 AM IST
കോട്ടയം: കുടുംബശ്രീയുടെ ‘മാ കെയര്‍’ പദ്ധതി ജില്ലയില്‍ എട്ടു സ്കൂളുകളില്‍ കൂടി ആരംഭിക്കും. ഏറ്റുമാനൂര്‍, പള്ളം, മാടപ്പള്ളി, പാമ്പാടി, ഈരാറ്റുപേട്ട ബ്ലോക്കുകള്‍ക്ക് കീഴിലെ സ്കൂളുകളിലാണ് പുതിയ കേന്ദ്രങ്ങള്‍ തുറക്കുകയെന്ന് കുടുംബശ്രീ ജില്ലാമിഷന് കോ ഓര്‍ഡിനേറ്റര്‍ അഭിലാഷ് കെ. ദിവാകര്‍ അറിയിച്ചു. സംസ്ഥാനത്ത് വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യകരവും പോഷക സമ്പുഷ്ടവുമായ ലഘുഭക്ഷണങ്ങള്‍, പാനീയങ്ങള്‍, സ്കൂള്‍ സ്റ്റേഷനറി ഐറ്റങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിവ ലഭ്യമാക്കുന്നതാണ് മാ കെയര്‍ പദ്ധതി.
തദ്ദേശസ്വയംഭരണ വകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി ജില്ലയില്‍ ഓഗസ്റ്റ് മാസത്തിലാണ് പദ്ധതി ആരംഭിച്ചത്. നിലവിൽ 16 സ്കൂളുകളില്‍ ആരംഭിച്ച പദ്ധതി വിജയകരമായതിനെത്തുടര്‍ന്നാണ് കൂടുതല്‍ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നത്. ഒരു സ്കൂളില്‍ പ്രതിമാസം 45,000 രൂപ വരെ വിറ്റുവരവ് കുടുംബശ്രീക്ക് ലഭിക്കുന്നുണ്ട്.
സ്റ്റേഷനറി സാധനങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാക്കുന്നതിനാല്‍ സ്കൂള്‍ സമയത്ത് കുട്ടികള്‍ ഇവ വാങ്ങുന്നതിന് പുറത്തുപോകുന്നത് ഒഴിവാക്കാം. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഇവിടെനിന്ന് ലഘുഭക്ഷണങ്ങളും മറ്റു സാധനങ്ങളും മിതമായ നിരക്കില്‍ വാങ്ങാം. ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിക്കുന്ന സാഹചര്യം ഒഴിവാക്കാനും ഇതുവഴി സാധിക്കും.