എരുമേലിയിലെ സ്റ്റാൻഡ് വേണം; അപ്പീലുമായി കെഎസ്ആർടിസി
1592724
Thursday, September 18, 2025 10:12 PM IST
എരുമേലി: കെഎസ്ആർടിസിയുടെ എരുമേലിയിൽ പ്രവർത്തിക്കുന്ന ബസ് സ്റ്റാൻഡും സ്ഥലവും മൂന്നു മാസത്തിനകം സ്വകാര്യ വ്യക്തിക്ക് ഒഴിഞ്ഞു നൽകണമെന്ന പാലാ സബ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി കെഎസ്ആർടിസി നൽകിയ അപ്പീൽ ഹർജി കോട്ടയം ജില്ലാ കോടതി ഫയലിൽ സ്വീകരിച്ചു.
തുടർന്ന് ഹർജി പാലായിലെ ജില്ലാ കോടതിയുടെ ബഞ്ചിലേക്കു നൽകി. ഹർജി പരിഗണിച്ച പാലായിലെ ബഞ്ച് കേസിൽ വാദം കേൾക്കാനായി അവധിക്കു വച്ചു. പാലാ സബ് കോടതിയിൽനിന്ന് അനുകൂല വിധി നേടിയ സ്വകാര്യ വ്യക്തി നേരത്തെ ജില്ലാ കോടതിയിൽ കെഎസ്ആർടിസിയുടെ അപ്പീൽ ഹർജിക്കു തടസവാദം അറിയിച്ച് ഹർജി നൽകിയിരുന്നതിനെത്തുടർന്നാണ് കേസിൽ സ്വകാര്യ വ്യക്തിയുടെ വാദം കേൾക്കാനായി പാലായിലെ ജില്ലാ കോടതി ബഞ്ച് അപ്പീൽ ഹർജി പരിഗണിച്ച ശേഷം അവധിക്കു വച്ചത്. കെഎസ്ആർടിസിയുടെ അപ്പീൽ ഹർജിയിൽ കക്ഷി ചേരാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
വിധി നിർണായകം
അപ്പീൽ ഹർജിയിൽ തീരുമാനം ആകുന്നതുവരെ സബ് കോടതിയുടെ ഉത്തരവ് നടപ്പാക്കില്ല എന്നതാണ് നിലവിൽ കെഎസ്ആർടിസിക്കു ലഭിച്ചിരിക്കുന്ന ആശ്വാസം. അതേസമയം, സ്വകാര്യ വ്യക്തിക്ക് അനുകൂല വിധി ഉണ്ടായാൽ എരുമേലിയിലെ സ്റ്റാൻഡും സ്ഥലവും കൈവിടേണ്ടി വരും. സബ് കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും തത്സ്ഥിതി തുടരാൻ ഉത്തരവുണ്ടാവുകയും ചെയ്താൽ ഇത്തവണത്തെ ശബരിമല സീസണിൽ ബസ് സ്റ്റാൻഡ് ഒഴിഞ്ഞു കൊടുക്കേണ്ടി വരില്ല. നിലവിലുള്ള ബസ് സ്റ്റാൻഡ് അതേപടി നിലനിർത്തി ഓഫീസ് മാത്രം തൊട്ടടുത്തുള്ള ദേവസ്വം വക കെട്ടിടത്തിലേക്കു മാറ്റാനാണ് കെഎസ്ആർടിസി ഒരുങ്ങുന്നത്.
എന്നാൽ, ജില്ലാ കോടതി ബഞ്ചിൽനിന്നു തീരുമാനം ആകാതെ ഇക്കാര്യത്തിൽ കൂടുതൽ നടപടികളുണ്ടാവില്ല. നിലവിൽ ബലക്ഷയം മൂലം സ്റ്റാൻഡിലെ പ്രധാന കെട്ടിടം അപകടത്തിലായതിനാൽ ശുചിമുറി സമുച്ചയവും വർക്ക് ഷോപ്പ് യൂണിറ്റുകളും ഉൾപ്പെടുന്ന കെട്ടിടങ്ങൾ പൊളിച്ചു നീക്കേണ്ടതുണ്ട്. ഇത് ഇടിഞ്ഞു വീണ് അപകടമുണ്ടായേക്കുമെന്നു പരിശോധന നടത്തിയ പൊതുമരാമത്ത് വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതു മുൻനിർത്തി കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെങ്കിൽ അപ്പീൽ ഹർജിയിലെ ഉത്തരവ് അനുകൂലമായാലാണ് സാധിക്കുക. അതേസമയം, ഓഫീസ് പ്രവർത്തിക്കുന്ന പ്രധാന കെട്ടിടവും വെയ്റ്റിംഗ് ഷെഡും അപകട ഭീഷണിയിലല്ലാത്തതിനാൽ നിലനിർത്താനാകുമെന്നാണ് കരുതുന്നത്.
ദേവസ്വം മുറികൾ കിട്ടണം
ശബരിമല സീസണിൽ ഓഫീസ് ഉൾപ്പെടെ പ്രവർത്തനം മാറ്റാൻ കെഎസ്ആർടിസിക്കു തൊട്ടടുത്ത ദേവസ്വം ബോർഡിന്റെ കെട്ടിടത്തിലെ മൂന്നു മുറികൾ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടു ദേവസ്വം ബോർഡിനു സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ കത്ത് നൽകിയിട്ടുണ്ട്. എന്നാൽ, ഇതു സംബന്ധിച്ച് ദേവസ്വം ബോർഡ് തീരുമാനം ഇനിയും ആയിട്ടില്ല.
പൊൻകുന്നം ചിറക്കടവ് വൃന്ദാവൻ വീട്ടിൽ ഗോപി രാജഗോപാലും മക്കളും നൽകിയ ഹർജിയിലാണ് കെഎസ്ആർടിസി ബസ് സ്റ്റാൻഡും സ്ഥലവും മൂന്നു മാസത്തിനകം ഒഴിയണമെന്ന് പാലാ സബ് കോടതി വിധി നൽകിയത്.
ധർമശാസ്താ ക്ഷേത്രത്തിനു സമീപം 50 സെന്റ് സ്ഥലത്ത് 25 സർവീസുകളും 130 ജീവനക്കാരുമുള്ള ഓപ്പറേറ്റിംഗ് സെന്ററിന്റെ പ്രവർത്തനം ഇതോടെ പ്രതിസന്ധിയിലാവുകയായിരുന്നു. ഗോപി രാജഗോപാലിന്റെ ഭർത്താവ് പരേതനായ പി.ആർ. രാജഗോപാൽ 1977ൽ 50 സെന്റ് സ്ഥലം താത്കാലിക ഉപയോഗത്തിനായി കെഎസ്ആർടിസിക്കു വാക്കാൽ അനുവദിച്ചതാണെന്നും ശബരിമല തീർഥാടന കാലത്തു നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായിരുന്നു ഇതെന്നും 1996ൽ പട്ടയം കിട്ടിയതാണെന്നും സ്ഥലം തിരിച്ചുകിട്ടണമെന്നു പലതവണ ആവശ്യപ്പെട്ടെങ്കിലും ഒഴിയാൻ കെഎസ്ആർടിസി തയാറായില്ലെന്നുമായിരുന്നു ഹർജി.
പൊട്ടിപ്പൊളിഞ്ഞ് സ്റ്റാൻഡ്
ശബരിമല സീസൺ ആരംഭിക്കാനിരിക്കെ കെഎസ്ആർടിസിയുടെ സ്റ്റാൻഡ് കുഴികൾ നിറഞ്ഞ് ചെളി മൂടി പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. സ്റ്റാൻഡും സ്ഥലവും ഉടനെ ഒഴിയണമെന്ന കോടതി വിധിയുള്ളതിനാൽ അറ്റകുറ്റപ്പണികൾ നടത്താൻ നിയമപ്രകാരം സാധ്യമല്ല. ശബരിമല സീസൺ ആകുമ്പോൾ സ്റ്റാൻഡ് ടാർ ചെയ്തു കുഴികൾ നികത്തുമായിരുന്നു.
പഞ്ചായത്ത് ആണ് ഇത് ചെയ്യാറുള്ളത്. എന്നാൽ, സ്വകാര്യ വ്യക്തിയുടെ സ്ഥലം ആണെന്നു സബ് കോടതി വിധി നൽകിയിട്ടുള്ളതിനാൽ പൊതു ഫണ്ട് ഉപയോഗിച്ചു നവീകരണം നടത്താനാകില്ല. സ്റ്റാൻഡിലെ കെട്ടിടങ്ങളുടെ പെയിന്റിംഗ്, ശുചിമുറികളുടെ അറ്റകുറ്റപ്പണികൾ, അയ്യപ്പഭക്തർക്കു വിശ്രമസൗകര്യം തുടങ്ങിയവയ്ക്ക് ഫണ്ട് ഉപയോഗിക്കാൻ ഇനി കഴിയില്ല. ഇതു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.