സ്വാഗതനൃത്തത്തിലൂടെ കൈയടി നേടി ഏറ്റുമാനൂര്‍ എംആര്‍എസിലെ കുട്ടികള്‍
1592733
Thursday, September 18, 2025 10:41 PM IST
കോട്ടയം: മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന സ്ത്രീപക്ഷ നവകേരളം പരിപാടിയുടെ ഉദ്ഘാടനവേദിയെ ശ്രദ്ധേയമാക്കി ആദിവാസി വിഭാഗത്തില്‍നിന്നുള്ള ഒന്‍പതു കുട്ടികളുടെ നൃത്തം.
ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായുള്ള സ്വാഗതനൃത്തം അവതരിപ്പിച്ചാണ് ഏറ്റുമാനൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ പെണ്‍കുട്ടികള്‍ കൈയടി നേടിയത്. സ്ത്രീകള്‍ പൊതുവിടങ്ങളിലും വീടുകള്‍ക്കുള്ളിലും നേരിടേണ്ടിവരുന്ന പ്രയാസങ്ങളും പീഡനങ്ങളും സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നൃത്തമായി അവതരിപ്പിക്കുകയായിരുന്നു വേദിയില്‍. സ്കൂളിലെ നൃത്താധ്യാപിക വിദ്യാ വിജയന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തി ഏറ്റുമാനൂരിലെ എംആര്‍എസില്‍ പഠിക്കുന്ന വിജി വിജയന്, റാണി മഞ്ജുഷ, അര്‍ച്ചന അനൂപ്, ആര്യ ബാബു, എസ്. പ്രീതി, അപര്‍ണ സലി, അഭിനയ മധുകുമാര്‍, ആദിത്യ കുഞ്ഞിക്കുട്ടന്‍, അക്ഷയ രാജേന്ദ്രന് എന്നിവരാണ് അരങ്ങിലെത്തിയത്.
കാഞ്ഞിരപ്പള്ളി ഐടിഡിപി ഓഫീസിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ 300 കുട്ടികളാണ് പഠിക്കുന്നത്.