ജില്ലയിലെ പട്ടയപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും: റവന്യു മന്ത്രി
1592736
Thursday, September 18, 2025 10:41 PM IST
കോട്ടയം: ജില്ലയിലെ സങ്കീര്‍ണമായിരുന്ന പട്ടയ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിച്ച് മന്ത്രി കെ. രാജന്. തിരുവനന്തപുരത്ത് ഐഎല്‍ഡിഎമ്മില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ജില്ലാ റവന്യു അസംബ്ലിയില്‍ എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടിയ പട്ടയ പ്രശ്നങ്ങള്‍ക്കാണ് പരിഹാരമാകുന്നത്. 2998 പട്ടയങ്ങളാണ് കോട്ടയത്ത് ഇതിനകം വിതരണം ചെയ്തത്.
കാഞ്ഞിരപ്പള്ളിയിലെ പട്ടയം സ്പെഷല്‍ ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കല്‍, നോഡല്‍ ഓഫീസര്‍മാരുടെ സേവനം എന്നിവ ഊര്‍ജിതമാക്കണം. 2025 ജനുവരിക്ക് മുമ്പ് കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ക്കാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.
ജില്ലയില്‍ ചില കേന്ദ്രങ്ങളില്‍ ഭൂമി കൈയേറ്റം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും അടിയന്തരമായി പരിശോധിച്ച് തിരിച്ചുപിടിക്കണമെന്നും യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു. എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടിയ സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും മന്ത്രി ജില്ലാ റവന്യു ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മോന്‍സ് ജോസഫ്, മാണി സി. കാപ്പന്, സി.കെ. ആശ, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, ജോബ് മൈക്കിള്‍ എന്നീ എംഎല്‍എമാരാണ് അസംബ്ലിയില്‍ പട്ടയം ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ചത്. മന്ത്രി വി.എന്‍. വാസവന് രേഖാമൂലം കൈമാറിയ ആവശ്യങ്ങളും റവന്യൂ അസംബ്ലി പരിഗണിച്ചു.
എംഎല്‍എ ഡാഷ് ബോര്‍ഡില്‍ ലഭിച്ച 304 അപേക്ഷകളില്‍ 191 എണ്ണത്തില്‍ തീര്‍പ്പാക്കിയിട്ടുണ്ട്.ജില്ലയില്‍ ഭൂമി തരം മാറ്റത്തിന് 22,273 അപേക്ഷകളാണ് ആകെ ഉള്ളത്. ഇതില്‍ 4,987 അപേക്ഷകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. ശേഷിക്കുന്നവ വേഗത്തില്‍ തീര്‍പ്പാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ജില്ലയുടെ സ്ഥിതിവിവര റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ അറിയിച്ചു.
ലാന്‍ഡ് റവന്യു കമ്മീഷണര്‍ ജീവന് ബാബു കെ, സര്‍വേ ഡയറക്ടര്‍ സീറാം സാംബശിവ റാവു, റവന്യൂ വകുപ്പ് അഡീഷണല്‍ സെക്രട്ടറി എ. ഗീത തുടങ്ങിയവരും വിവിധ വിഷയങ്ങളില്‍ വിശദീകരണം നല്കി.