വാഹനം കട്ടപ്പുറത്ത്; നെട്ടോട്ടമോടി പൊതുമരാമത്ത് റോഡ് ഡിവിഷന്
1533647
Sunday, March 16, 2025 11:49 PM IST
പാലാ: പൊതുമരാമത്ത് റോഡ്സ് ഡിവിഷനോട് സര്‍ക്കാര്‍ അവഗണനയെന്ന് ആരോപണം. വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കുന്നതിന് ജീപ്പ് നിഷേധിച്ചതാണ് ആരോപണത്തിന് കാരണം. 15 വര്‍ഷമായി ഉപയോഗിച്ചിരുന്ന ജീപ്പ് സര്‍ക്കാര്‍ മുറപോലെ പിന്‍വലിച്ചെങ്കിലും പുതിയ വാഹനം ഇതുവരെയും അനുവദിച്ചിട്ടില്ല. പഴഞ്ചന്‍ വാഹനങ്ങള്‍ സുരക്ഷ കണക്കിലെടുത്ത് പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് ഇവരുടെ വാഹനവും പിന്‍വലിച്ചത്.
പാലാ, ഈരാറ്റുപേട്ട, മേലുകാവ് പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പാലാ ഓഫീസിന്റെ പരിധിയിലാണ്. അതുകൊണ്ടുതന്നെ നിര്‍മാണ പ്രവൃത്തികള്‍ നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് യാത്രാസംവിധാനം അനിവാര്യമാണ്. ഇക്കാര്യം പലതവണ പൊതുമരാമത്ത് അധികൃതരെയും ജനപ്രതിനിധികളെയും അറിയിച്ചെങ്കിലും നടപടിയില്ല.
പാലാ പൊതുമരാമത്ത് വകുപ്പ് ഓഫീസിന് എത്രയും വേഗം യാത്ര മാര്‍ഗം അനുവദിക്കണമെന്ന് മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത്ത് ജി. മീനാഭവന്‍ ആവശ്യപ്പെട്ടു.