ഗാന്ധിജിയുടെ കോട്ടയം അരമന സന്ദര്‍ശനം: നൂറാം വാര്‍ഷികം ആചരിച്ചു
1533287
Sunday, March 16, 2025 2:36 AM IST
കോട്ടയം: 1911-ല്‍ സ്ഥാപിതമായ കോട്ടയം രൂപതയുടെ ആസ്ഥാനകേന്ദ്രമായ കോട്ടയം മെത്രാസന മന്ദിരത്തില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി 1925 മാര്‍ച്ച് 15നു സന്ദര്‍ശനം നടത്തുകയും ബിഷപ് മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പിലുമായി അക്കാലത്തെ നവോത്ഥാന പ്രവര്‍ത്തനങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തതിന്റെ 100-ാം വാര്‍ഷികത്തോടനുബന്ധിച്ച് കോട്ടയം മെത്രാസന മന്ദിരത്തില്‍ ഗാന്ധിസ്മൃതിയും അനുസ്മരണ ചടങ്ങും സംഘടിപ്പിച്ചു.
ഗാന്ധിജിയുടെ അരമന സന്ദര്‍ശനത്തെ അനുസ്മരിച്ച് അക്കാലത്ത് പ്രസിദ്ധീകരിച്ച പത്രക്കുറിപ്പുകളടങ്ങിയ ഗാന്ധിജിയുടെ ഛായാചിത്രം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അനാച്ഛാദനം ചെയ്തു പ്രസംഗിച്ചു.
ഗാന്ധിയന്‍ മൂല്യങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കുമ്പോള്‍ മാത്രമേ ഗാന്ധിയന്‍ അനുസ്മരണം അര്ഥപൂര്ണമാകുകയുള്ളൂവെന്ന് ആര്‍ച്ച് ബിഷപ് പറഞ്ഞു.
മന്ത്രി വി. എന്‍. വാസവന് ഗാന്ധിയന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, അതിരൂപത വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍, പ്രൊക്യുറേറ്റര്‍ ഫാ. ഏബ്രാഹം പറമ്പേട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
തോമസ് ചാഴികാടന്, സ്റ്റീഫന്‍ ജോര്‍ജ്, അഡ്വ. അജി കോയിക്കല്‍, ഷെവ. ജോയി ജോസഫ്, കെസിസി ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറം, കെസിഡബ്ല്യുഎ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേല്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ടി.സി. റോയി, സിന്‍സി പാറേല്‍, ജയമോള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.