സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനത്തിന് രജിസ്ട്രേഷന് ആരംഭിച്ചു
1533283
Sunday, March 16, 2025 2:36 AM IST
അതിരമ്പുഴ: എംജി യൂണിവേഴ്സിറ്റി സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് രജിസ്ട്രേഷന് ആരംഭിച്ചു. ഓപ്ഷണല്‍ വിഷയങ്ങള്‍ ഒഴികെയുള്ള പ്രിലിമിനറിയുടെയും മെയിന്‍ പരീക്ഷയുടെയും സിലബസ് ഉള്‍പ്പെടുത്തി റെഗുലര്‍, ഈവനിംഗ്, ഫൗണ്ടേഷന് എന്നിങ്ങനെ മൂന്നുതരം പരിശീലന പരിപാടികളാണുള്ളത്.റെഗുലര്‍ പ്രോഗ്രാമില്‍ ആഴ്ചയില്‍ അഞ്ചു ദിവസം പരിശീലനം ഉണ്ടാകും. ഡിഗ്രി വിജയിച്ചവരെയാണു പരിഗണിക്കുന്നത്.
ഈവനിംഗ് പ്രോഗ്രാമില്‍ ആഴ്ചയില്‍ അഞ്ചു ദിവസം ഓണ്‍ലൈന്‍ പരിശീലനമാണ്. പ്ലസ് ടൂ വിദ്യാര്‍ഥികള്‍ക്കു മുതല്‍ അപേക്ഷിക്കാം.ശനി, ഞായര്‍ ദിവസങ്ങളില്‍ ഓണ്‍ലൈനില്‍ നടത്തുന്ന ഫൗണ്ടേഷന് പ്രോഗ്രാമില്‍ എസ്എസ്എല്‍സി വിജയിച്ചവര്ക്കുമുതല് പങ്കെടുക്കാം. മൂന്നു പ്രോഗ്രാമുകളിലുമായി ആകെ 70 പേര്‍ക്കാണു പ്രവേശനം. പ്രായപരിധി ജനുവരി ഒന്നിന് 15നും 30നും ഇടയില്‍. സംവരണ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. അപേക്ഷകള്‍ മേയ് 20 വരെ സ്വീകരിക്കും.
നോട്ടിഫിക്കേഷനും അപേക്ഷാ ഫോറവും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ് സൈറ്റില്‍ (https://csi.mgu.ac.in/) ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ യോഗ്യതാ രേഖകളുടെ പകര്‍പ്പ്, രജിസ്ട്രേഷന് ഫീസ് അടച്ചതിന്റെ റസിപ്റ്റ് എന്നിവ സഹിതം ഡയറക്ടര്‍, സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട്, മഹാത്മാ ഗാന്ധി സര്‍വകലാശാല, പ്രിയദര്‍ശനി ഹില്‍സ് കോട്ടയം 686560 എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ സമര്‍പ്പിക്കണം. ജനറല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് നാല്‍പ്പതിനായിരം രൂപയും എസ്സി, എസ്ടി വിഭാഗക്കാര്‍ക്ക് ഇരുപതിനായിരം രൂപയുമാണ് കോഴ്സ് ഫീസ്. അര്‍ഹവിഭാഗങ്ങള്‍ക്ക് സ്കോളര്‍ഷിപ്പും ലഭ്യമാണ്. 9188374553.