കടുത്തുരുത്തി-പിറവം റോഡ് പുനരുദ്ധാരണ ഫയല്‍ മന്ത്രി ഒപ്പുവച്ചു
1533237
Saturday, March 15, 2025 7:13 AM IST
കടുത്തുരുത്തി: കടുത്തുരുത്തി-പിറവം റോഡ് പുനരുദ്ധാരണത്തിനുള്ള ഫയല്‍ ധനമന്ത്രി ഒപ്പുവച്ചു. റോഡ് പുനരുദ്ധാരണത്തിന് 2.67 കോടി രൂപയുടെ സര്‍ക്കാര്‍ ഭരണാനുമതിക്കായി ഉത്തരവിറക്കാന്‍ മോന്‍സ് ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നു.
വാട്ടര്‍ അഥോറിറ്റി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനും അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനുമായി ഏറ്റെടുത്തിരുന്ന കടുത്തുരുത്തി-പിറവം റോഡിന്റെ പുനരുദ്ധാരണത്തിനും റീടാറിംഗിനുമായി സമര്‍പ്പിച്ച ഫയല്‍ അംഗീകരിച്ച് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഒപ്പുവച്ചതായി മോന്‍സ് ജോസഫ് എംഎല്‍എയാണ് അറിയിച്ചത്.
വാട്ടര്‍ അഥോറിറ്റി കടുത്തുരുത്തി മുതല്‍ അറുനൂറ്റിമംഗലം വരെയുള്ള റോഡ് പുനരുദ്ധാരണത്തിനുവേണ്ടി 2.67 കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പിലേക്ക് കൈമാറിയിരുന്നത്.
ഈ ഫണ്ട് ഉപയോഗിച്ചു റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ധനകാര്യവകുപ്പിന്റെ അനുമതി ആവശ്യമായിരുന്നു.
ഇതിനുവേണ്ടിയുള്ള ഫയലില്‍ സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടായതോടെ വിവിധ വകുപ്പുകളുമായി മോന്‍സ് ജോസഫ് നേരിട്ട് ചര്‍ച്ച നടത്തി പ്രശ്ന പരിഹാരം ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് അന്തിമഫയല് ധനകാര്യവകുപ്പിന്റെ പരിശോധനയ്ക്കായി നല്‍കിയത്. ഇക്കാര്യം നടപ്പാക്കാമെന്ന് അംഗീകരിച്ചുകൊണ്ടാണ് ധനകാര്യവകുപ്പ് മന്ത്രി ഫയലില്‍ ഒപ്പുവച്ചതെന്ന് മോന്‍സ് ജോസഫ് പറഞ്ഞു.
കടുത്തുരുത്തി-പിറവം റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗത്തില്‍ നടപ്പാക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പടുവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു നിയമസഭാ സമ്മേളനത്തിനിടയില്‍ ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍, പിഡബ്ല്യുഡി മന്ത്രി മുഹമ്മദ് റിയാസ് എന്നിവരുമായി മോന്‍സ് ജോസഫ് എംഎല്‍എ ചര്‍ച്ച നടത്തി പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തടസങ്ങള്‍ പരമാവധി വേഗത്തില്‍ പരിഹരിക്കാന്‍ സാഹചര്യമുണ്ടായത്.
ധനകാര്യവകുപ്പില്‍ നിന്ന് റോഡ് നിര്‍മാണത്തിന്റെ ഫയല്‍ എത്രയും വേഗം പിഡബ്ല്യുഡിയിലേക്ക് അയയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും മോന്‍സ് ജോസഫ് അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ പിഡബ്ല്യുഡിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സര്‍ക്കാര്‍ ഭരണാനുമതി ഉത്തരവ് പുറപ്പെടുവിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് എംഎല്‍എ പറഞ്ഞു.
കടുത്തുരുത്തി-പിറവം റോഡ്, അറുനൂറ്റിമംലം ജംഗ്ഷന് വര ബിഎം ആന്‍ഡ് ബിസി ടാറിംഗ് നടപ്പാക്കുന്നതിനായി നേരത്തെ അനുവദിച്ചിട്ടുള്ള 2.99 കോടി രൂപയും കൈലാസപുരം ക്ഷേത്രഭാഗത്തെ വെള്ളക്കെട്ട് കണക്കിലെടുത്ത് റോഡ് ഉയര്‍ത്തുന്നതിനും ടൈല്‍ പാകി നവീകരിക്കുന്നതിനും വേണ്ടി ക്രമീകരിച്ചിട്ടുള്ള 18 ലക്ഷം രൂപയുടെ പ്രവര്‍ത്തിയും ഉത്തരവിറങ്ങാന്‍ പോകുന്ന 2.67 കോടി രൂപയുടെ പുനരുദ്ധാരണവും സംയുക്തമായി നടപ്പാക്കാനുള്ള തീരുമാനമാണ് ഡിപ്പാര്‍ട്ട്മെന്റ് തലത്തില്‍ കൈക്കൊണ്ടിരിക്കുന്നതെന്ന് മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.