ലഹരിസംഘം വിശ്രമകേന്ദ്രം നശിപ്പിച്ചു
1533230
Saturday, March 15, 2025 7:05 AM IST
അയ്മനം: വല്യാട് ഐക്കരമാലിയിൽ ലഹരിസംഘം പാതിരാത്രിയിൽ അഴിഞ്ഞാടി. ഒരുപറ്റം യുവാക്കൾ പടുത്തുയർത്തിയ വിശ്രമകേന്ദ്രവും താത്കാലിക ഫുട്ബോൾ കോർട്ടും തകർത്തു. പ്രകൃതി സൗന്ദര്യംകൊണ്ട് മനം കവരുന്ന പ്രദേശത്ത് വിശ്രമിക്കാനായി മുളയും കമുകും ഉപയോഗിച്ച് യുവാക്കൾ സൃഷ്ടിച്ച ഇരിപ്പിടങ്ങളും പൂക്കളും പൂച്ചട്ടികളുമെല്ലാം തകർത്താണ് പത്താം ക്ലാസ്, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ ലഹരിയുടെ വീര്യമിറക്കിയത്.
കൊയ്ത്തു കഴിഞ്ഞ് പൊടിയിൽ കൃഷിയിറക്കാൻ ഉണക്കിക്കൊണ്ടിരുന്ന പാടത്താണ് യുവാക്കൾ ഫുട്ബോൾ കോർട്ട് നിർമിച്ചത്. കോർട്ടിലെ ഗോൾ പോസ്റ്റുകളും ഊരി നശിപ്പിച്ചു. കഴിഞ്ഞ രാത്രി 11ന് ശേഷമായിരുന്നു സംഭവം. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടെന്നും രക്ഷാകർത്താക്കൾ മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുകയും മദ്യത്തിനും മയക്കുമരുന്നിനും അവർ അടിമകളാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.