ചങ്ങനാശേരി ഒന്നാംനമ്പര്‍ ബസ് സ്റ്റാന്‍ഡിന് വിസ്തൃതി പോരാ; പാര്‍ക്കിംഗിന് ഇടമില്ല
1515398
Tuesday, February 18, 2025 4:49 AM IST
ചങ്ങനാശേരി: ചങ്ങനാശേരി ഒന്നാംനമ്പര്‍ ബസ് സ്റ്റാന്‍ഡിന് ആവശ്യത്തിന് വിസ്തൃതിയില്ല. ബസുകള്‍ പാര്‍ക്ക് ചെയ്യാനിടമില്ല, യാത്രക്കാര്‍ ബസുകള്‍ക്കിടയില്‍ ഞെങ്ങിഞെരുങ്ങുന്നു. ബസ് സ്റ്റാന്‍ഡ് വികസന പദ്ധതികള്‍ വേഗത്തിലാക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു.
എട്ടു പതിറ്റാണ്ടു പിന്നിട്ട നഗരത്തിലെ ആദ്യ ബസ് സ്റ്റാന്‍ഡാണ് കാലഘട്ടത്തിനനുസരിച്ചുള്ള ആധുനികവത്കരണമില്ലാതെ തഴയപ്പെടുന്നത്. സ്റ്റാന്‍ഡിന്റെ വിസ്തൃതി കൂട്ടുന്നതിനായി സ്വകാര്യ വ്യക്തികളുടെ കുറച്ചുസ്ഥലം നേരത്തേ ഏറ്റെടുത്തിരുന്നു. കുറച്ചു സ്ഥലംകൂടി ഏറ്റെടുക്കാനുള്ള നടപടികള്‍ നീളുകയാണ്.
ചങ്ങനാശേരിയില്നിന്ന ഹൈറേഞ്ച്, മണിമല, കോട്ടയം റൂട്ടുകൾ ഉള്‍പ്പെടെ 130 ബസുകളാണ് ഈ സ്റ്റാന്‍ഡില്‍നിന്നും സര്‍വീസ് ഓപ്പറേറ്റ് ചെയ്യുന്നത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളും മുന്നൂറോളം ബസ് ജീവനക്കാരും ബസ് സ്റ്റാന്‍ഡിൽ എത്തുന്നു.
എന്നാൽ, യാത്രക്കാരുടെ ആവശ്യത്തിനു ശുചിത്വവും സുരക്ഷയുമുള്ള ശൗചാലയങ്ങളും കുടിവെള്ള സൗകര്യങ്ങളും ഇവിടില്ല. മാലിന്യ സംസ്കരണത്തിനുള്ള പദ്ധതികളും ഇവിടെയാരംഭിച്ചിട്ടില്ല.
2015ല്‍ മുന്‍ ചെയര്മാന് പി.പി. ജോസിന്റെ സ്മാരകമായി ടെര്‍മിനലും പാര്‍ക്കിംഗ് പാര്‍ക്കിംഗ് ഏരിയായുടെ വികസനവും നടത്തിയിരുന്നു. പഴയ വെയിറ്റിംഗ് ഷെഡ് പൊളിച്ചുമാറ്റി സ്ഥലത്ത് കടമുറികള്‍ നിര്‍മിച്ചതോടെ ഫലത്തിൽ സ്റ്റാന്‍ഡില്‍ ഇടംകുറയുകയാണ് ചെയ്തത്. അതിനുശേഷം പിന്നീട് കാലാനുസൃതമായ വികസന പദ്ധതികളൊന്നും ഈ സ്റ്റാന്‍ഡില്‍ നടത്തിയിട്ടില്ല.
നവീകരണം അത്യാവശ്യം
ബസ് സ്റ്റാന്‍ഡിലെ സ്ഥല പരിമിതി മൂലം സ്റ്റാഡിനുള്ളിലും മുമ്പില്‍ വാഴൂര്‍ റോഡിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. സ്റ്റാന്‍ഡിന്റെ കവാടത്തില്‍ സമാന്തരമായി ബസുകള്‍ പാര്‍ക്കു ചെയ്യുന്നതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
ബസ് സ്റ്റാന്‍ഡിന്റെ പ്രവേശന കവാടത്തിന്റെ ഒരു ഭാഗത്ത് വെങ്കോട്ട, മണിമല തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ചെറിയ സര്‍വീസുകള്‍ക്കും മറുഭാഗത്ത് ഹൈറേഞ്ച് ഭാഗത്തേക്കുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ക്കുമാണ് പാര്‍ക്കിംഗ് അനുവദിച്ചിരിക്കുന്നത്. സൗകര്യങ്ങളുടെ കുറവുമൂലം മണിമല ഭാഗങ്ങളിലേക്കുള്ള ബസുകള്‍ പാര്‍ക്കു ചെയ്യുന്നതിനു സമാന്തരമായി മറ്റു റൂട്ടുകളിലുള്ള ബസുകളും പാര്‍ക്കു ചെയ്യുന്നതാണ് സ്റ്റാന്‍ഡിലേക്കു ബസുകള്‍ കയറുന്നതിനും പുറത്തേക്കിറങ്ങുന്നതിനും തടസങ്ങള്‍ സൃഷ്ടിക്കുന്നത്.
ദീര്‍ഘദൂര ബസുകള്‍ക്ക് അരമണിക്കൂറും ചെറിയ സര്‍വീസുകള്‍ക്ക് ഇരുപത് മിനിറ്റുമാണ് സ്റ്റാന്‍ഡിനുള്ളില്‍ പാര്‍ക്കിംഗ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ചില ബസുകള്‍, ഒരു മണിക്കൂറും അതിലേറെ സമയവും സ്റ്റാന്‍ഡിനുള്ളില്‍ ചെലവഴിക്കുന്നതായി ജീവനക്കാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.
സ്റ്റാന്‍ഡ് ഫീസ് ലേലത്തുക 9.50 ലക്ഷം രൂപ
ഈ ബസ് സ്റ്റാന്‍ഡ് സ്റ്റാന്‍ഡ്ഫീസ് പിരിക്കാനുള്ള ലൈസന്‍സ് ലേലംപിടിച്ചിരിക്കുന്നത് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ്. ഇതിനായി ഒരുവര്‍ഷത്തേക്ക് അസോസിയേഷന് നഗരസഭയില്‍ 9.50ലക്ഷം രൂപ അടച്ചിട്ടുണ്ട്.
യാത്രക്കാരുടെ ആവശ്യങ്ങൾ
ബസ്സ്റ്റാൻഡിൽ ആധുനിക രീതിയിലുള്ള കംഫര്‍ട്ട് സ്റ്റേഷന് വേണം
വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും കര്‍ശന സുരക്ഷയൊരുക്കണം.
ബസ് സ്റ്റാന്‍ഡിന്റെ വശങ്ങളിലെ ഓടകള്‍ ദിവസവും വൃത്തിയാക്കണം.
യാത്രക്കാര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് നടപടി വേണം.
മാലിന്യസംസ്കരണത്തിന് സംവിധാനം ഏര്‍പ്പെടുത്തണം.
കഫര്‍ട്ട് സ്റ്റേഷനു സമീപം മാലിന്യം തള്ളുന്നത് തടയണം.
പോലീസ് എയ്ഡ് പോസ്റ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം.
സാമൂഹ്യവിരുദ്ധര്‍, ക്രിമിനല്‍ സംഘങ്ങള്‍, ഭിക്ഷാടക സംഘങ്ങള്‍ എന്നിവരെ ഒഴിവാക്കണം.
അനധികൃത തട്ടുകടകള്‍ ഒഴിപ്പിക്കണം.