ജല്‍ജീവന്‍ പൈപ്പ് ലൈൻ കുഴി അറ്റകുറ്റപ്പണി വൈകുന്നു; മാടപ്പള്ളിയിലെ റോഡുകള്‍ അപകടക്കെണികളായി
1513800
Thursday, February 13, 2025 8:12 AM IST
ചങ്ങനാശേരി: ഭരണാധികാരികളോട് ജനങ്ങള്‍ ചോദിക്കുന്നു, ഇതെപ്പോൾ ശരിയാകും?. മാടപ്പള്ളി പഞ്ചായത്ത് പരിധിയില്‍ ജല്‍ജീവന്‍ പൈപ്പ് സ്ഥാപിക്കുന്നതിനായി വിവിധ റോഡുകളില്‍ കുഴിച്ച കുഴികള്‍ ടാറിംഗ് നടത്തി പൂര്‍വസ്ഥിതിയില്‍ എത്തിക്കാത്തതുമൂലം അപകടക്കെണികളായി തുടരുന്നു. രണ്ടരവര്ഷക്കാലമായാണ് റോഡുകളുടെ അവസ്ഥ ശോചനീയമായി തുടരുന്നത്.
വാഴൂര്‍ റോഡില്‍നിന്നു മാടപ്പള്ളി ബ്ലോക്ക് ജംഗ്ഷനിലേക്കു റോഡ് തുടങ്ങുന്ന പൂവത്തുംമൂട് ജംഗ്ഷനില്‍ റോഡ് തകര്‍ന്ന് തരിപ്പണമായ അവസ്ഥയിലാണ്. നൂറുകണക്കിനു വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഈ റോഡിന്റെ ഈ ഭാഗം ഏറെ അപകടക്കെണിയായി തുടരുകയാണ്.
നടയ്ക്കപ്പാടം, മാമ്മൂട് ജംഗ്ഷനുകളിലും റോഡ് തകര്‍ന്ന നിലയിലാണ്. മാടപ്പള്ളി പഞ്ചായത്തില്‍ ജല്‍ജീവന്‍ പൈപ്പുകള്‍ സ്ഥാപിച്ച മുപ്പതോളം റോഡുകള്‍ പൂര്വസ്ഥിതിയിലെത്തിക്കാനുണ്ടെന്നാണ് പഞ്ചായത്തംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ജല്‍ജീവന്‍ റോഡ് പുനരുദ്ധാരണ സമിതി വീണ്ടും സമരത്തിന്
ജൽജീവന്‍ റോഡ് പുനരുദ്ധാരണ സമിതിയുടെ നേതൃത്വത്തില്‍ നിയോജകമണ്ഡലത്തിലുട നീളം റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞവര്‍ഷം രണ്ടുമാസക്കാലത്തോളം തുടര്‍ച്ചയായി സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ ചില റോഡുകളില്‍ മാത്രം മിനുക്കുപണികള്‍ നടത്തിയെങ്കിലും ബാക്കി റോഡുകളിലൊന്നും അറ്റകുറ്റപ്പണികള്‍ നടന്നിട്ടില്ല.
മണ്‍സൂണ്‍ കാലത്ത് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സാധ്യമല്ലെന്നാണ് അധികാരികള്‍ അന്നു വിശദീകരണം നല്‍കിയത്. ഇപ്പോള്‍ റോഡു പണിക്ക് പറ്റുന്ന കാലാവസ്ഥയാണെങ്കിലും ഇക്കാര്യത്തില്‍ ജലവിഭവ വകുപ്പ് കടുത്ത അനാസ്ഥ കാട്ടുകയാണ്.
ഈ വിഷയം ഉന്നയിച്ച് പായിപ്പാട് പഞ്ചായത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം ചെറുകരക്കുന്ന് വാട്ടര്‍ അഥോറിറ്റി ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തിയിരുന്നു.
ജല്‍ജീവന്‍ പദ്ധതിക്കായി കുഴിച്ച റോഡുകള്‍ പൂര്‍വസ്ഥിതിയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സമരപരിപാടികള്‍ ആരംഭിക്കുമെന്ന് സമരസമിതി ചെയര്മാന് വി.ജെ. ലാലി പറഞ്ഞു.