എസ്ബി കോളജില്‍ അന്തര്‍ദേശീയ സുറിയാനി സെമിനാര്‍
1513797
Thursday, February 13, 2025 8:12 AM IST
ചങ്ങനാശേരി: അതിരൂപത മുന്‍ മെത്രാപ്പോലീത്തയും സെന്റ് ബെര്‍ക്ക്മാന്‍സ് കോളജ് സുറിയാനി അധ്യാപകനുമായിരുന്ന മാര്‍ മാത്യു കാവുകാട്ടിന്റെ അനുസ്മരണാര്ഥം "ഹെഗ്യാന് സുര്യായ’ എന്ന പേരിലുള്ള ആറാമത് അന്തര്‍ദേശീയ സുറിയാനി സെമിനാര്‍ എസ്ബി കോളജില്‍ നടന്നു. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സുറിയാനി സംസ്കാരത്തിന്റെയും ഭാഷയുടെയും സമ്പന്നതയെ ഭൂതകാലത്തിന്റെ മറവിയില്‍ ആഴ്ന്നുപോകാതെ വീണ്ടെടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത ആണെന്ന് അദ്ദേഹം അനുസ്മരിപ്പിച്ചു.
സുറിയാനി അധ്യാപകന് ഫാ. സുജയ് ജോണ്‍ പ്ലാത്താനം അനുസ്മരണ പ്രഭാഷണം നടത്തി. സുറിയാനി പണ്ഡിതനും ബ്രിട്ടീഷ് ലൈബ്രറിയുടെ പൗരസ്ത്യ രേഖാലയാ മേധാവിയുമായ ഡോ. മൈക്കിള്‍ ഏര്‍ഡ്മാന്‍ പ്രബന്ധാവതരണം നടത്തി. 17-ാം നൂറ്റാണ്ടു മുതല്‍ ഇന്ത്യയില്‍ അച്ചടിക്കപ്പെട്ടിരുന്ന സുറിയാനി ഗ്രന്ഥങ്ങളുടെ കാറ്റലോഗ് സെമിനാറിനെ ശ്രദ്ധേയമാക്കി. എസ്ബി കോളജ് സുറിയാനി വിഭാഗം സെമിനാറിനു നേതൃത്വം നല്കി.