ഭക്തസഹസ്രങ്ങൾക്കു പുത്തൻ ആത്മീയത സമ്മാനിച്ച് മൂന്നുനോമ്പ് തിരുനാളിനു സമാപനം
1513533
Wednesday, February 12, 2025 10:42 PM IST
കുറവിലങ്ങാട്: പതിനായിരങ്ങളിലേക്ക് പുത്തൻ ആത്മീയത സമ്മാനിച്ച് മൂന്നുനോമ്പ് തിരുനാളിനു സമാപനം. ഉപവാസവും നോമ്പും പ്രായശ്ചിത്തവുംവഴി ആത്മീയകരുത്തുനേടിയ ഇടവകയ്ക്കൊപ്പം സഞ്ചരിക്കാൻ വിദേശികളടക്കമുള്ളവർ എത്തിയിരുന്നു. നാനാജാതി മതസ്ഥരായ അനേകർ മുത്തിയമ്മയ്ക്കരുകിൽ സംഗമിച്ചതോടെ നാട് വീണ്ടും മതമൈത്രിയും വിളിച്ചോതി.
മകരച്ചൂടിനെ അവഗണിച്ചെത്തിയവർക്കായി പള്ളിയും സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളും ചേർന്ന് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. പോലീസ്, ഫയർഫോഴ്സ്, എക്സൈസ് വകുപ്പുകളുടെ സേവനം ലഭ്യമായിരുന്നു. കെഎസ്ആർടിസി സ്പെഷൽ സർവീസുകളടക്കം ക്രമീകരിച്ചിരുന്നു. വൈദ്യുതി, ആരോഗ്യ വകുപ്പുകളും സജീവമായി രംഗത്തുണ്ടായിരുന്നു.
വിശുദ്ധ കുർബാനയിലും നേർച്ചകാഴ്ചകൾ അർപ്പിക്കുന്നതിലും വിശ്വാസികളുടെ വലിയ തിരക്കായിരുന്നു കാണാനായത്. സമാപനദിവസത്തിൽ ജൂബിലി കപ്പേളയിലേക്ക് നടന്ന പ്രദക്ഷിണത്തിലും ആയിരങ്ങൾ പങ്കെടുത്തു.