കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നെഞ്ചോടുചേര്‍ത്ത നേതാവായിരുന്നു കാനം: ബിനോയ് വിശ്വം
1485553
Monday, December 9, 2024 5:22 AM IST
വാഴൂർ: കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നെഞ്ചോടുചേര്‍ത്ത നേതാവായിരുന്നു കാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാര്‍ട്ടി ജില്ലാ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കാനത്തിന്റെ വാഴൂരിലെ വസതിയില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാനം ഇടപെട്ട മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനായി. ജനങ്ങളാണ് ഏറ്റവും വലിയ ശക്തിയെന്നും അവര്‍ക്കു മുന്നിലേ തല കുനിക്കാവൂ എന്നും കാനം എക്കാലവും ഓര്‍മപ്പെടുത്തി. കാനം തുടങ്ങിവച്ച രാഷ്ട്രീയ പോരാട്ടങ്ങള്‍ തുടരണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
കാനം രാജേന്ദ്രൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രസക്തിയും കാലിക പ്രാധാന്യവും മനസിലാക്കി പ്രവർത്തിച്ച മുന്നണി പോരാളിയെന്ന് സഹകരണ തുറമുഖം ദേവസ്വം മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഏറ്റെടുക്കുന്ന ദൗത്യം കൃത്യതയോടെയും ആത്മാർഥതയോടെയും നടപ്പാക്കാനുള്ള നേതൃപാടവം ഉണ്ടായിരുന്നു. ഏതു പ്രശ്നങ്ങളിലും സംയോജിതമായും സാന്ദർഭികമായും ഇടപെടാൻ കഴിയുന്ന മാനസിക തന്റേടത്തിന് ഉടമയായിരുന്നുവെന്നും വി.എൻ. വാസവൻ പറഞ്ഞു.
പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആര്. രാജേന്ദ്രന് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി. പ്രസാദ്, ജി.ആര്. അനില്‍, കെ. രാജന്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, പി.പി. സുനീര്‍, സംവിധായകന് വിനയന്,
എംപിമാരായ പി. സന്തോഷ് കുമാര്‍, ആന്റോ ആന്റണി, എംഎല്‍എമാരായ വാഴൂര്‍ സോമന്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ സെക്രട്ടറി വി.ബി. ബിനു, മുതിര്‍ന്ന നേതാവ് കെ.ഇ. ഇസ്മയില്‍, പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗം കെ. പ്രകാശ് ബാബു, കെ.പി. രാജേന്ദ്രന്, സി.കെ. ശശിധരന്, കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി എം.എ. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.