ക്രിസ്മസ് വരവായി : നക്ഷത്രപ്രഭയിൽ വിപണി
1485535
Monday, December 9, 2024 5:09 AM IST
കോട്ടയം: അലങ്കാര ലൈറ്റുകൾ, ക്രിസ്മസ് പപ്പാ തൊപ്പികൾ, വിവിധതരത്തിലുള്ള സ്റ്റാറുകൾ... ക്രിസ്മസ് വിപണി സജീവം. നഗരത്തിലെ ഒട്ടുമിക്ക പാതയോരങ്ങളും വെട്ടിത്തിളങ്ങുകയാണ്. ക്രിസ്മസിന്റെ വരവറിയിച്ച് ഏറ്റവും പുതിയ നക്ഷത്രങ്ങളും വിവിധതരത്തിലുള്ള ലൈറ്റുകളും ആളുകളിലേക്കെത്തിക്കാൻ വ്യാപാരികൾ മത്സരിക്കുകയാണ്. മുൻവർഷങ്ങളിലേതിനെക്കാൾ ഇത്തവണ വിപണി നേരത്തെയൊരുങ്ങിയെന്ന് വ്യാപാരികൾ പറയുന്നു.
ക്രിസ്മസ് ട്രീകൾ അലങ്കരിക്കാൻ ഉപയോഗിക്കുന്ന വിവിധ തരത്തിലുള്ള ലൈറ്റുകൾ, ഡെക്കറേഷൻ സാധനങ്ങൾ എന്നിവയ്ക്കായാണ് കൂടുതലും ആളുകൾ എത്തുന്നത്. എൽഇഡി ലൈറ്റ് നക്ഷത്രങ്ങളും എൽഇഡി സ്ട്രിപ്പ് സ്റ്റാറും ഗ്ലാസ് സ്റ്റാറുമൊക്കെയാണ് ഇത്തവണ താരം. പ്രതികൂല കാലാവസ്ഥ വിപണിയുടെ തുടക്കത്തിൽ മങ്ങലേൽപ്പിച്ചിരുന്നെങ്കിലും ഇപ്പോൾ ഉഷാറാണെന്നും വ്യാപാരികൾ കൂട്ടിചേർത്തു.
പേപ്പർ സ്റ്റാറുകൾ അപ്രത്യക്ഷമാകുന്നു
പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന പേപ്പർ നക്ഷത്രങ്ങൾ അപ്രത്യക്ഷമാകുന്നു. ഒട്ടുമിക്ക കടകളിലും എൽഇഡി സ്റ്റാറുകളാണ് വിൽപ്പനയ്ക്കായി എത്തിച്ചിരിക്കുന്നത്. പേപ്പർ സ്റ്റാറുകൾ നന്നേ കുറവാണ്. ആവശ്യക്കാരേറെ എൽഇഡി സ്റ്റാറുകൾക്കായതിനാലാണ് പേപ്പർ സ്റ്റാറുകൾ വിൽപ്പനയ്ക്കായി എത്തിക്കാത്തതെന്നാണ് വ്യാപാരികൾ പറയുന്നത്.
വില ഇങ്ങനെ
സ്റ്റാർ 80-320
റെയ്ൻ ഡിയർ 890
ഗ്ലാസ് സ്റ്റാർ 730
എൽഇഡി സ്ട്രിപ്പ് സ്റ്റാർ 680 - 800
എൽഇഡി സ്റ്റാർ 240
പുൽക്കൂട് 400- 800
ക്രിസ്മസ് ട്രീ 170 - 2850