പ്രളയത്തിൽ തകർന്ന കുപ്പായക്കുഴി-കനകപുരം നടപ്പാലത്തിന്റെ നിർമാണം വൈകുന്നു
1485300
Sunday, December 8, 2024 5:09 AM IST
ഏന്തയാർ: പ്രളയത്തിൽ തകർന്ന കുപ്പായക്കുഴി - കനകപുരം നടപ്പാലത്തിന്റെ നിർമാണം വൈകുന്നു. 2021 ഒക്ടോബർ 16ന് ഉണ്ടായ മഹാപ്രളയത്തിൽ കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. നിരവധി റോഡുകളോടൊപ്പം ചെറുതും വലുതുമായ ഒട്ടനവധി പാലങ്ങളും തകർന്നു.
ഇതിൽ ഏന്തയാർ ഈസ്റ്റ് പാലത്തിന്റെ നിർമാണപ്രവർത്തനം അവസാനഘട്ടത്തിൽ എത്തി നിൽക്കുകയാണ്. കൊക്കയാർ പാലത്തിന്റെ നിർമാണവും ആരംഭിച്ചു. മ്ലാക്കര പാലത്തിന്റെ നിർമാണം പൂർത്തിയാക്കി തുറന്നുകൊടുത്തു. ഇളംകാട് പാലത്തിന്റെ നിർമാണം ആരംഭിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ മൂലം മുടങ്ങിക്കിടക്കുന്നു.
എന്നാൽ, ഇവ കൂടാതെ നാലോളം പ്രധാന നടപ്പാലങ്ങളാണ് പ്രളയത്തിൽ തകർന്നത്. കുപ്പായക്കുഴി -കനകപുരം നടപ്പാലത്തിന്റെ നിർമാണം വൈകുന്നതു പ്രദേശവാസികളെ ദുരിതത്തിലാക്കുകയാണ്. കോട്ടയം - ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന നടപ്പാലമായിരുന്നു കനകപുരം നിവാസികളുടെ ഏക ആശ്രയം.
പാലം തകർന്നതോടെ ഒന്നര കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചു മുക്കുളത്തെത്തി ഇവിടുത്തെ താത്കാലിക നടപ്പാലം വഴി വേണം കനകപുരം നിവാസികൾക്ക് ഏന്തയാറ്റിൽ എത്തുവാൻ. വാഹനത്തിൽ എത്തണമെങ്കിൽ ഇളങ്കാട് വഴി മൂന്നു കിലോമീറ്റർ അധികം സഞ്ചരിക്കണം. വിദ്യാർഥികളടക്കമുള്ളവർക്ക് ഏന്തയാർ, കൂട്ടിക്കൽ ഭാഗത്തേക്ക് എത്തുന്നതിനു പ്രധാന ആശ്രയമായിരുന്നു തകർന്ന കുപ്പായക്കുഴി നടപ്പാലം.
പാലം പുനർ നിർമിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികളും വിവിധ സന്നദ്ധ സംഘടനകളും സമരം ശക്തമാക്കിയതോടെ അഴുത ബ്ലോക്ക് പഞ്ചായത്തിൽനിന്നു 12 ലക്ഷവും കൊക്കയാർ പഞ്ചായത്തിൽനിന്നു 10 ലക്ഷം രൂപയും അനുവദിച്ചു നിർമാണവും തുടങ്ങി. എന്നാൽ, പുല്ലകയാറിന് ഇരുകരകളിലുമായി രണ്ടു തൂണുകളുടെ നിർമാണം മാത്രമാണ് പൂർത്തിയാക്കുവാൻ കഴിഞ്ഞത്.
പാലം പൂർണമായും നിർമിക്കുന്നതിനു 35 ലക്ഷത്തോളം രൂപ വേണ്ടിവരും. ബാക്കിവരുന്ന ഫണ്ട് കണ്ടെത്താനാകാതായതോടെ പാലത്തിന്റെ നിർമാണം നിലച്ചു. ഇപ്പോൾ പുല്ലകയാറിന് ഇരുകരകളിലും ഉയർന്നുനിൽക്കുന്ന രണ്ടു തൂണുകൾ മാത്രമാണ് കാണുവാനുള്ളത്. കനകപുരം നിവാസികളുടെ യാത്രാ ക്ലേശത്തിനു പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.