കര്‍ഷകര്‍ക്കു പ്രഹരമായി അതിതീവ്ര മഴയും മടവീഴ്ചയും
1484426
Wednesday, December 4, 2024 7:11 AM IST
ചങ്ങനാശേരി: അതിതീവ്രമഴയിലെ മടവീഴ്ചയും കൃഷിനാശവും നെല്‍കര്‍ഷകര്‍ക്കു കനത്തപ്രഹരമെന്ന് വിലയിരുത്തല്‍. ഇന്നലെ മഴ തോര്‍ന്നത് കര്‍ഷകര്‍ക്ക് നേരിയ ആശ്വാസമായി. പൊട്ടിയ മടകള്‍ പുനര്‍നിര്‍മിച്ച് വെള്ളത്തിന്റെ തള്ളിക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള തീവ്രശ്രമങ്ങളിലായിരുന്നു ഇന്നലെ കര്‍ഷകര്‍. പായിപ്പാട് പഞ്ചായത്തിലെ കാപ്പോണപ്പുറം, എട്ട്യാകരി, കാവാലിക്കരി, പൂവത്ത് തൊള്ളായിരം പിടിഞ്ഞാറ്, പൂവത്ത് കിഴക്ക്, മൂലആലഞ്ചേരി, കൈപ്പഴാക്കല്, നക്രപ്പുതവല് തുടങ്ങിയ പാടശേഖരങ്ങളിലിലാണ് കനത്തനഷ്ടം ഉണ്ടായത്.
അഞ്ചിനും പത്തിനും ഇടയില്‍ ദിവസങ്ങളില്‍ വിതച്ച നെല്ലാണ് പെരുവെള്ളത്തിലായിരിക്കുന്നത്. പായിപ്പാട് കൃഷിഭവന് പരിധിയിലെ ളായിക്കാട് കൊല്ലത്തു ചാത്തങ്കരിയിലും പൂവം, കാപ്പോണപ്പുറം, തെറ്റിച്ചാൽ കോട് പാടശേഖരങ്ങളിൽ മട വീണത് വലിയ നഷ്ടമാണ് കര്ഷകര്ക്കുണ്ടാക്കിയിരിക്കുന്നതെന്ന് പാടശേഖര സമിതി ഭാരവാഹികളും നെല്‍കര്‍ഷക സംരക്ഷണ സമിതി ഭാരവാഹികളും പറഞ്ഞു.
കർഷകനായ മനോജ് മുകുന്ദൻ 26 ലക്ഷത്തോളം രൂപ മുടക്കി നിർമിച്ച തെറ്റിച്ചാൽ കോട് പാടശേഖരത്തിലെ ബണ്ടും തകർന്നു. പാടശേഖരങ്ങളുടെ പുറം ബണ്ടുകളുടെ നിര്‍മാണം നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നെല്‍കൃഷി മേഖല തകരുമെന്ന് സമിതി വിലയിരുത്തി.
സമിതി രക്ഷാധികാരികളായ വി.ജെ. ലാലി, കൃഷ്ണപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ പാടശേഖരങ്ങള്‍ സന്ദര്‍ശിച്ചു. ഭാരവാഹികളായ സേവ്യര്‍ പുത്തന്‍പറമ്പില്‍, സേവ്യര്‍ പൂവം, പി. വാവച്ചന്, ജോയി അറവാക്കല്‍, റോയ് മുക്കാടന്‍ എന്നിവരും പങ്കെടുത്തു.