എംജി അത്ലറ്റിക് മീറ്റ്: എസ്ബിയും അൽഫോൻസയും ജേതാക്കള്‍
1484316
Wednesday, December 4, 2024 5:31 AM IST
പാലാ: എംജി യൂണിവേഴ്സിറ്റി അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ 155.5 പോയിന്റോടെ എസ്ബി കോളജ് ചങ്ങനാശേരിയും 193 പോയിന്റോടെ വനിതാ വിഭാഗത്തില്‍ പാലാ അല്‍ഫോന്‍സാ കോളജും ചാമ്പ്യന്മാരായി.
പുരുഷവിഭാഗത്തില്‍ 132 പോയിന്റുമായി എംഎ കോളജ് കോതമംഗലം രണ്ടാം സ്ഥാനത്തും 125 പോയിന്റുമായി സെന്റ് ഡൊമിനിക്സ് കോളജ് കാഞ്ഞിരപ്പള്ളി മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തില്‍ 140 പോയിന്റുമായി ചങ്ങനാശേരി അസംപ്ഷന്‍ കോളജ് രണ്ടാം സ്ഥാനവും 109 പോയിന്റുമായി എംഎ കോളജ് കോതമംഗലം മൂന്നാം സ്ഥാനവും നേടി.
ഒരു പോയിന്റിന്റെ വ്യത്യാസത്തില്‍ കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട ചാമ്പ്യന്‍ഷിപ്പ് 32 പേരടങ്ങിയ അല്‍ഫോന്‍സാ കോളജ് ടീം 23 ഇനങ്ങളിലും പങ്കെടുത്താണ് ഈ നേട്ടം കൈവരിച്ചത്. പരിശീലകന് ഡോ. തങ്കച്ചന് മാത്യു, കെ.പി. സതീഷ് കുമാര്‍, വിനയചന്ദ്രന്, റോഷന് ഐസക് ജോണ്‍, ജഗദീഷ് ആര്. കൃഷ്ണന് എന്നിവരുടെ കഠിന പരിശീലനങ്ങളാണ് വിജയത്തിന്റെ പിന്നിലെന്ന് അല്‍ഫോന്‍സ കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ഷാജി ജോണ്‍ പറഞ്ഞു.
സമാപന സമ്മേളനത്തില്‍ സിൻഡിക്കറ്റംഗം റെജി സഖറിയ ട്രോഫികള്‍ വിതരണം ചെയ്തു. റവ.ഡോ. ഷാജി ജോണ്‍, ഡോ. ബിനു ജോര്‍ജ് വര്‍ഗീസ്, ഡോ. ജോജി അലക്സ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ബൈജു കൊല്ലംപറമ്പില്‍, സാവിയോ കാവുകാട്ട് എന്നിവര്‍ പ്രസംഗിച്ചു.