മടവീഴ്ച : കൊല്ലാട് 210 ഏക്കര്‍ കൃഷി നശിച്ചു
1484132
Tuesday, December 3, 2024 7:30 AM IST
കോട്ടയം: കനത്ത മഴയില്‍ ദുരിതത്തിലായി കോട്ടയത്തെ നെല്‍ കര്‍ഷകര്‍. കൊല്ലാട് കിഴക്കുംപുറം വടക്കുംപുറം പാടശേഖരത്തില്‍ മടവീണ് ഏക്കര്‍ കണക്കിനു കൃഷിനശിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് മട വീഴ്ചയുണ്ടായത്. പ്രദേശത്തെ മോട്ടോര്‍ പുരയില്‍ ഉണ്ടായിരുന്ന പ്രദേശവാസി മറ്റുള്ള കര്‍ഷകരെ വിവരമറിയിക്കുകയായിരുന്നു.
എല്ലാവരും ഉടന്‍തന്നെ എത്തിയെങ്കിലും പാടശേഖരത്തേക്ക് വെള്ളം കയറിയിരുന്നു. കൊല്ലാട് കിഴക്കുംപുറം വടക്കുംപുറം പാടശേഖരത്തെ 210 ഏക്കര്‍ പാടശേഖരത്താണ് മട വീണത്. 20 ലക്ഷത്തോളം രൂപ മുടക്കിയാണ് കര്‍ഷകര്‍ ഇത്തവണ കൃഷിയിറക്കിയത്. 48 കര്‍ഷകരാണ് ഈ പാടത്ത് കൃഷി ചെയ്തിരുന്നത്. വിവരം കൃഷി ഓഫീസറെയും പഞ്ചായത്ത് അധികൃതരെയും അറിയിച്ചിട്ടുണ്ട്. സര്‍ക്കാരില്‍നിന്നു സാമ്പത്തിക സഹായം ലഭിച്ചാല്‍ മാത്രമേ കൃഷിയുമായി മുന്നോട്ടു പോകാന്‍ സാധിക്കൂവെന്ന് കര്‍ഷകര്‍ പറയുന്നു.