അങ്കണവാടികളിലൂടെ ഗര്‍ഭിണികള്‍ക്ക് നല്കിയ ഗോതമ്പില്‍ മാലിന്യം
1467285
Thursday, November 7, 2024 7:29 AM IST
തൃക്കൊടിത്താനം: തൃക്കൊടിത്താനം പഞ്ചായത്തിലെ വിവിധ അങ്കണവാടികളിലൂടെ ഗര്‍ഭിണികള്‍ക്ക് വിതരണം ചെയ്ത ഗോതമ്പില്‍ പതിരും മാലിന്യങ്ങളും കലര്‍ന്നതായി പരാതി.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരം സിവില്‍ സപ്ലൈസ് വകുപ്പുവഴി അങ്കണവാടിയിലൂടെ ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് വിതരണം ചെയ്യാനെത്തിച്ച ഗോതമ്പാണിത്. സംഭവത്തില്‍ താലൂക്ക് വികസനസമിതി അന്വേഷണം ആവശ്യപ്പെട്ടു. യോഗത്തില്‍ പങ്കെടുത്ത ജോബ് മൈക്കിള്‍ എംഎല്‍എ ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചണച്ചാക്കുകളില്‍ പാക്കുചെയ്ത ഗോതമ്പിലാണ് മാലിന്യം കണ്ടെത്തിയത്. പലരും ഉപയോഗിക്കാന്‍ കഴിയാതെ ഗോതമ്പ് തിരികെയേല്‍പ്പിച്ചു. അങ്കണവാടി ജീവനക്കാര്‍ ഇക്കാര്യം വിതരണ ചുമതലയുള്ള ഐസിഡിഎസ് സൂപ്പര്‍വൈസറോട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.