ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ച് സിപിഎം ഏരിയാ സമ്മേളനത്തിലേക്ക്
1461051
Monday, October 14, 2024 11:38 PM IST
കോട്ടയം: ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ച് സിപിഎം ഏരിയാ സമ്മേളനത്തിലേക്ക്. 31, നവംബര്‍ ഒന്ന് തീയതികളില്‍ പുതുപ്പള്ളി സമ്മേളനമാണ് ആദ്യ ഏരിയാ സമ്മേളനം. 95 ശതമാനം ബ്രാഞ്ച് സമ്മേളനങ്ങളും പൂര്‍ത്തിയായി. അടുത്തയാഴ്ചയോടെ ലോക്കല്‍ സമ്മേളനങ്ങളും പൂര്‍ത്തിയാകും.
12 ഏരിയാ സമ്മേളനങ്ങള്‍ക്കുശേഷം ജനുവരി മൂന്നുമുതല്‍ അഞ്ചുവരെ പുതുപ്പള്ളി ഏരിയയുടെ കീഴില്‍ പാമ്പാടിയിലാണ് ജില്ലാ സമ്മേളനം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ചുവപ്പുസേനാ മാര്‍ച്ച്, പ്രകടനം, സെമിനാറുകള്‍, സാംസ്കാരിക സമ്മേളനം തുടങ്ങിയവ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
ബ്രാഞ്ചു സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ അമ്പതിലധികം ബ്രാഞ്ച് സെക്രട്ടറിമാര്‍ വനിതകളാണെന്നതാണു പ്രധാന സവിശേഷത. ഇതുവരെ നടന്ന ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കൂരോപ്പടയിലും തലനാട്ടിലും വനിതാ ലോക്കല്‍ സെക്രട്ടറിമാരെയും തെരഞ്ഞെടുത്തു.
പി.വി. അന്‍വര്‍ ഉയര്‍ത്തിയ വിവാദങ്ങളാണ് സമ്മേളനങ്ങളിലെ പ്രധാന ചര്‍ച്ച. സര്‍ക്കാരിനെതിരേയും മന്ത്രിമാരുടെ പ്രവര്‍ത്തന രീതികളെക്കുറിച്ചും വിമര്‍ശനമുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിനെ താരതമ്യം ചെയ്താണു വിമര്‍ശനമേറെയും. ആഭ്യന്തരവകുപ്പിനെതിരേയും പോലീസിനെതിരേയും പല പ്രതിനിധികളും സമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് നടത്തുന്നത്.