തുമരംപാറയിൽ മാലിന്യം തള്ളി
1461040
Monday, October 14, 2024 11:37 PM IST
എരുമേലി: മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ ഇടുന്നവർക്കെതിരേ ക്രിമിനൽ കേസും പിഴയും നിയമമായി പ്രഖ്യാപിച്ചിട്ടും മാലിന്യമിടീൽ കുറയുന്നില്ല. തുമരംപാറ വാർഡിൽ എൽപി സ്കൂളിന്റെ പുറകിലൂടെ കടന്നുപോകുന്ന റോഡിൽ പ്ലാസ്റ്റിക് ചാക്കിലും കൂടുകളിലുമായി മാലിന്യങ്ങൾ തള്ളിയിരിക്കുന്നു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പഞ്ചായത്ത് അധികൃതർ ശുചീകരണ തൊഴിലാളികളെ നിയോഗിച്ച് മാലിന്യങ്ങൾ നീക്കി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
ഇന്നലെ രാവിലെയാണ് മാലിന്യങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടത്. മാലിന്യങ്ങളിൽ ഉടമയെക്കുറിച്ചുള്ള തെളിവുകൾ ഉണ്ടോയെന്ന് പരിശോധിച്ചെങ്കിലും ലഭിച്ചില്ല. പൊതു ഇടങ്ങളിലും നിരത്തുകളിലും മാലിന്യങ്ങൾ തള്ളുന്ന പ്രവണത നിലയ്ക്കണമെങ്കിൽ കർശന നടപടികൾ പഞ്ചായത്തും പോലീസും ആരോഗ്യ വകുപ്പും ചേർന്ന് സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
വീണ്ടും മാലിന്യങ്ങൾ തള്ളിയാൽ പിടികൂടുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തിൽ ഇന്നലെ യോഗം ചേർന്ന് സ്ക്വാഡ് രൂപീകരിച്ചു.