സായാഹ്ന ധർണയും നയവിശദീകരണ യോഗവും
1461034
Monday, October 14, 2024 11:37 PM IST
ഈരാറ്റുപേട്ട: ജനവാസ കേന്ദ്രങ്ങളെ പാരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരേ കേരള കോൺഗ്രസ് -എം പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 16ന് ഉച്ചകഴിഞ്ഞ് നാലിന് പൂഞ്ഞാർ ടൗണിൽ സായാഹ്ന ധർണയും നയവിശദീകരണ യോഗവും നടത്തുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽപ്പെട്ട കൂട്ടിക്കൽ, തീക്കോയി, പൂഞ്ഞാർ തെക്കേക്കര വില്ലേജുകളുടെയും പാലാ നിയോജക മണ്ഡലത്തിലെ മേലുകാവ് വില്ലേജും ഇഎസ്എ പരിധിയിൽ ഉൾപ്പെടുത്തി കേന്ദ്ര - പരിസ്ഥിതി മന്ത്രാലയം ജൂലൈ 31ന് പുറപ്പെടുവിച്ച കരട് വിജ്ഞാപനം ഈ വില്ലേജുകളിലെ ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്രഗവൺമെന്റിന്റെ ഭാഗത്തുനിന്നു കസ്തൂരി രംഗൻ റിപ്പോർട്ടിലെ മാനദണ്ഡങ്ങൾ പോലും പാലിക്കാതെ ഇറക്കിയിരിക്കുന്ന കരട് വിജ്ഞാപനം തെറ്റാണെന്നും ഇതിൽ മാറ്റം വരുത്തുവാൻ കേന്ദ്ര ഗവൺമെന്റ് തയാറാകണമെന്നും ആവശ്യപ്പെട്ടാണ് ധർണ.
സായാഹ്ന ധർണയും നയവിശദീകരണ യോഗവും കേരള കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് സാജൻ കുന്നത്ത് അധ്യക്ഷതവഹിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു, ജോർജുകുട്ടി ആഗസ്തി, ടോബിൻ കെ. അലക്സ് തുടങ്ങിയവർ പ്രസംഗിക്കും.
സാജൻ കുന്നത്ത്, ദേവസ്യാച്ചൻ വാണിയപ്പുര, സാജു പുല്ലാട്ട്, സണ്ണി മാത്യു, സോജൻ ആലക്കുളം, ജാൻസ് വയലിക്കുന്നേൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.